ബാഗ്ദാദ്: ഇറാന്റെ ഉന്നത സൈനിക മേധാവി മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയെ ബാഗ്ദാദ് വിമാനത്താവളത്തിന് സമീപത്തുവച്ച് അമേരിക്ക ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ചതിന് പിന്നാലെ സുപ്രധാന തീരുമാനവുമായി ഇറാഖ്. വിദേശ സൈനികര്‍ രാജ്യം വിടണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ഇറാഖ് പാര്‍ലമെന്റ് പാസാക്കി. 5000 ത്തോളം അമേരിക്കന്‍ സൈനികരാണ് ഇറാഖില്‍ സൈനിക ഉപദേഷ്ടാക്കളായി ഉള്ളത്. ബാഗ്ദാദ് വിമാനത്താവളത്തിന് സമീപത്തുവച്ച് സുലൈമാനിയെ വധിച്ച നടപടി രാജ്യത്തിന്റെ പരമാധികാരത്തിനുമേലുള്ള കടന്നു കയറ്റമായും സൈനിക സഹകണം സംബന്ധിച്ച ധാരണകള്‍ ലംഘിക്കപ്പെട്ടുവെന്നും ഇറാന്‍ വിലയിരുത്തി.
അമേരിക്കയ്ക്ക് ഇറാന്റെ ഈ തീരുമാനം വലിയ തിരിച്ചടിയാകും നൽകുക. വിദേശ സൈനികര്‍ ഇറാഖ് മണ്ണും വ്യോമാതിര്‍ത്തിയും ജലസ്രോതസുകളും ഉപയോഗിക്കുന്നത് ഏത് സാഹചര്യത്തിലും വിലക്കണമെന്നും സര്‍ക്കാരിനോട് പാര്‍ലമെന്റ് ആവശ്യപ്പെട്ടു. രാജ്യത്തെ വിദേശ സൈനികരുടെ സാന്നിധ്യം അവസാനിപ്പിക്കുമെന്ന് ഇടക്കാല പ്രധാനമന്ത്രി എംപിമാര്‍ക്ക് ഉറപ്പുനല്‍കിയതിന് പിന്നാലെയാണ് പ്രമേയവും പാസാക്കിയിട്ടുള്ളത്. ഖാസിം സുലൈമാനി വധവുമായി ബന്ധപ്പെട്ട് ഇറാഖ് വിദേശകാര്യ മന്ത്രാലയം നേരത്തെ യു.എസ് അംബാസഡറെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചിരുന്നു.