തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി നിര്‍ണയവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്ന് സംസ്ഥാന ചലച്ചിത്ര അക്കാദമി സര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചു. സെക്രട്ടിയായിരുന്ന മഹേഷ് പഞ്ചുവിനെ പുറത്താക്കിയതിന് പിന്നാലെ എഴുത്തുകാരനും സംവിധായകനുമായ നീലനെയും അക്കാദമിയില്‍ നിന്ന് പുറത്താക്കി. കൊല്ലം ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസറായിരുന്ന അജോയി ചന്ദ്രനാണ് പുതിയ അക്കാദമി സെക്രട്ടറി.
നടന്മാരായ ഇന്ദ്രന്‍സ്, പ്രേംകുമാര്‍, സംവിധായകന് അനില്‍ നാഗേന്ദ്രന്, കെ.ആര്. നാരായണന് ദേശീയ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍, ചലച്ചിത്ര ഫിലിം സൊസൈറ്റി അംഗം ജോര്‍ജ് മാത്യു എന്നിവരെയാണ് പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചെയര്മാന്, വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനങ്ങളില്‍ കമലും ബീനാപോളും തുടരും. ഇവര്‍ക്ക് പുറമെ സംവിധായകരായ സിബി മലയില്‍, പ്രദീപ് ചൊക്ലി, ഓസ്കര് ജേതാവ് റസൂല്‍ പൂക്കുട്ടി, നടിമാരായ മഞ്ജു വാര്യര്‍, സജിത മഠത്തില്‍, ചലച്ചിത്ര നിരൂപകരായ വി.കെ. ജോസഫ്, ജി.പി. രാമചന്ദ്രന്, മധു ജനാര്ദനന്, തിരക്കഥാകൃത്ത് ദീദി ദാമോദരന്‍, ഛായാഗ്രാഹകന്‍ സണ്ണി ജോസഫ് എന്നിവരെയും ജനറല്‍ കൗണ്‍സിലില്‍ നിലനിര്‍ത്തിയിട്ടുണ്ട്.
വിവിധ കാരണങ്ങളാല്‍ ജനറല്‍ കൗണ്‍സില്‍ സ്ഥാനത്തുനിന്ന് സംവിധായകന് ഡോ. ബിജുവും എഴുത്തുകാരനായ സി.എസ്. വെങ്കിടേശ്വരനും നേരത്തേ രാജിവെച്ചിരുന്നു. എക്സിക്യൂട്ടിവ് അംഗമായിരുന്ന കെ.ആര്. മോഹനന് മരിച്ചു. ഇവരുടെ ഒഴിവിലേക്കാണ് ഇന്ദ്രന്‍സിനെയും പ്രേംകുമാറിനെയും ശങ്കര്‍മോഹനെയും സര്‍ക്കാര്‍ പരിഗണിച്ചത്. നീലന് പകരമായാണ് അനില്‍ വി. നാഗേന്ദ്രന് അക്കാദമിയിലേക്ക് എത്തുന്നത്. സി.പി.ഐയുടെ നോമിനിയായാണ് ജോര്‍ജ് മാത്യു ജനറല്‍ കൗണ്‍സിലില്‍ ഇടംപിടിച്ചത്.
ഈ മാസം 13നാണ് 2019ലെ ചലച്ചിത്ര അവാര്‍ഡ് ജൂറി നിര്‍ണയവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്ന് സെക്രട്ടറിയായിരുന്ന മഹേഷ് പഞ്ചുവിനെ മന്ത്രി എ.കെ. ബാലന് പുറത്താക്കിയത്. അവാര്‍ഡിനായി ഇത്തവണ മത്സരിക്കുന്ന ചിത്രങ്ങളില്‍ ചെയര്മാന് കമലിന്റെ മകന് ജുനൂസ് മുഹമ്മദ് സംവിധാനം ചെയ്ത ‘നയന്‍’ എന്ന ചിത്രവുമുണ്ട്. അതിനാല്‍ ജൂറിയെ തെരഞ്ഞെടുക്കുന്നതില്‍നിന്ന് ചെയര്‍മാനായ കമല്‍ മാറിനില്‍ക്കണമെന്ന ആവശ്യം മഹേഷ് പഞ്ചു ഉയര്‍ത്തിയിരുന്നു. ഇത് അംഗീകരിക്കാന്‍ കമലും വൈസ് ചെയര്‍പേഴ്സണായ ബീനാപോളും തയാറായില്ല.
തര്‍ക്കത്തെതുടര്‍ന്ന് കമലും ബീനാപോളും ചേര്‍ന്ന് ഒരു ജൂറിയെയും സെക്രട്ടറിയുടെ നേതൃത്വത്തില്‍ മറ്റൊരു ജൂറിയെയും മന്ത്രിക്ക് നല്കി. എന്നാല്‍, ഇരുകൂട്ടരുടെയും പാനലുകള്‍ മന്ത്രി എ.കെ. ബാലന് തള്ളി. പ്രശ്നപരിഹാരത്തിന് കമലിനെയും പഞ്ചുവിനെയും നേരില്‍വിളിച്ച് ചര്‍ച്ച നടത്തിയെങ്കിലും വീട്ടുവീഴ്ചക്ക് ഇരുവരും തയാറായില്ല. പുനഃസംഘടന പൂര്‍ത്തിയായ സ്ഥിതിക്ക് അവാര്‍ഡ് നിര്‍ണയ ജൂറി പ്രഖ്യാപനവും ഉടന്‍തന്നെ ഉണ്ടായേക്കും.