പത്തനംതിട്ട : ലോക്ക് ഡൌണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുകൊണ്ട് ചന്ദനപ്പള്ളി പെരുന്നാളിന് ആള്‍ക്കൂട്ടം. രാവിലെമുതല്‍ 6 പോലീസുകാര്‍ സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും അവര്‍ക്ക് നിയന്ത്രിക്കുവാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കൊടുമണ്‍ സി.ഐ ശ്രീകുമാറിന്റെ നേത്രുത്വത്തില്‍ കൂടുതല്‍ പോലീസ് എത്തി ജനങ്ങളെ പിരിച്ചുവിടുകയും ഒരുകിലോമീറ്റര്‍ റോഡുകള്‍ പൂര്‍ണ്ണമായി അടക്കുകയും ചെയ്തു. ഇന്ന് രാവിലെയാണ് സംഭവം.
ആഗോള തീര്‍ഥാടന കേന്ദ്രമായ ചന്ദനപ്പള്ളി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തോഡോക്സ് വലിയ പള്ളിയിലെ പെരുന്നാള്‍ മേയ് ഒന്നുമുതല്‍ എട്ടു വരെ നടക്കുകയാണ്. അവസാന ദിവസമാണ് ഇന്ന്. രാവിലെ പള്ളിയില്‍ കുര്‍ബാനയും ഉണ്ടായിരുന്നു. ഇതില്‍ നിരവധിയാളുകള്‍ പങ്കെടുത്തു. ദേവാലയങ്ങളിലെ പരിപാടികള്‍ ചടങ്ങുകളായി മാത്രമേ നടത്താന്‍ പാടുള്ളുവെന്നും പരമാവധി അഞ്ചുപേര്‍ മാത്രമേ ഇതില്‍ പങ്കെടുക്കാവു എന്നും കര്‍ശനനിര്‍ദ്ദേശം നിലനില്‍ക്കെയാണ് പെരുന്നാളിന്റെ പേരില്‍ ഇവിടെ ആളുകള്‍ കൂടിയത്. പെരുന്നാള്‍ കാര്യപരിപാടികളുടെ നോട്ടീസും വിതരണം ചെയ്തിരുന്നു.
തൃശ്ശൂര്‍ ജില്ലയിലെ എരുമപ്പെട്ടിക്ക് സമീപം പാഴിയോട്ടുമുറി നരസിംഹമൂർത്തി ക്ഷേത്രത്തിൽ നടന്ന ഭാഗവത പാരായണത്തിൽ 100 ലേറെ ആളുകള്‍ പങ്കെടുത്തത് ഇന്ന് രാവിലെ ആയിരുന്നു. ലോക്ക് ഡൗൺ നിയമം ലംഘിച്ചതിന് ബിജെപി സംസ്ഥാന സമിതി അംഗം ഇ ചന്ദ്രൻ ഉൾപ്പെടെ അഞ്ച് പേരെ ഈ വിഷയത്തില്‍ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിഞ്ഞദിവസം ഇടവക അമ്പതിനായിരം സംഭാവന നല്‍കിയിരുന്നു. കളക്ടറേറ്റില്‍ എത്തി ജില്ലാ കളക്ടര്‍ പി.ബി നൂഹിനെ നേരിട്ട് എല്പിക്കുകയായിരുന്നു തുക. ഈ പരിചയം മുതലാക്കിയാണ് ലോക്ക് ഡൌണ്‍ ലംഘനത്തിന് തുനിഞ്ഞതെന്നാണ് ആരോപണം.