തെലങ്കാന : കൊവിഡ് 19 പശ്ചാതലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ സാമ്പത്തിക പാക്കേജിനെതിരെ രൂക്ഷവിമര്‍ശനവുമായി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു. കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തുന്നത് പോലെയാണ് കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പാക്കേജ് എന്ന് ചന്ദ്രശേഖര്‍ റാവു പറഞ്ഞു. ഇത് ഫെഡറലിസമല്ല. പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ പരസ്പര സഹകരണത്തോടെയുള്ള ഫെഡറലിസം വ്യാജവും പ്രഹസനവുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഞങ്ങള്‍ കേന്ദ്രത്തിന്റെ ആജ്ഞാനുവര്‍ത്തികളല്ല ഞങ്ങള്‍ക്ക് കീഴിലും ഒരു സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേന്ദ്രത്തേക്കാളും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉത്തരവാദിത്വങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. കടമെടുപ്പ് പരിധി ഉയര്‍ത്തിക്കിട്ടാന്‍ സംസ്ഥാനങ്ങളുടെ മേല്‍ ചുമത്തിയ വ്യവസ്ഥകളെയും അദ്ദേഹം പരിഹസിച്ചു. കൊറോണ സാമ്പത്തിക പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിച്ച ‘ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്’ ഉള്‍പ്പെടെയുള്ള നിരവധി പരിഷ്‌കരണങ്ങള്‍ സംസ്ഥാനം ഇതിനകം നടപ്പിലാക്കി കഴിഞ്ഞവയാണെന്നും അദ്ദേഹം പറഞ്ഞു. ‘അവര്‍ ഞങ്ങളുടെ കഴുത്തില്‍ ഒരു കത്തി പിടിച്ച് നിങ്ങള്‍ ഇത് ചെയ്താല്‍ നിങ്ങള്‍ക്ക് 2,000 കോടി രൂപ ദാനമായി നല്‍കുമെന്ന് പറയുന്നു. ഞങ്ങള്‍ മുനിസിപ്പല്‍ നികുതി വര്‍ധിപ്പിക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. ഞങ്ങള്‍ക്ക് ആ 2,000 കോടി രൂപ ആവശ്യമില്ല ‘ കെ. ചന്ദ്രശേഖര്‍ റാവു പറഞ്ഞു. താന്‍ പരിഷ്‌കാരങ്ങള്‍ക്ക് എതിരല്ലെന്നും കേന്ദ്രം ഏര്‍പ്പെടുത്തിയതിനേക്കാള്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ തങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.