ദില്ലി: ഇന്ത്യയുടെയും ലോകത്തിന്റെയും പ്രതീക്ഷകളുമായി മുന്നേറുന്ന ചന്ദ്രയാന്‍-3 ദൗത്യം ലക്ഷ്യത്തിന് തൊട്ടരികെ. അഞ്ച് നാള്‍ അപ്പുറം, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങുന്ന ആദ്യ രാജ്യങ്ങളിലൊന്ന് എന്ന അപൂര്‍വ ബഹുമതി ഇന്ത്യയുടെ പേരില്‍ വിക്രം ലാന്‍ഡര്‍ കുറിക്കും. 23ന് വൈകീട്ട് 5.47നാണ് സോഫ്റ്റ് ലാന്‍ഡിങ്. ഇതിനുമുന്നോടിയായി ലാന്‍ഡര്‍ മൊഡ്യൂള്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍നിന്ന് വേര്‍പെട്ടു.
ഇന്ന് ഉച്ചയ്ക്ക് 1.30നാണ് ലാന്‍ഡര്‍ മൊഡ്യൂളിനെ ഐ എസ് ആര്‍ ഒ വേര്‍പെടുത്തിയത്. ഇനി തനിച്ച് സഞ്ചരിക്കുന്ന ലാന്‍ഡര്‍ മൊഡ്യൂളിനെ ഡീ ബൂസ്റ്റ് പ്രക്രിയയിലൂടെ ചന്ദ്രന്റെ കുറച്ചുകൂടി അടുത്തുള്ള ഭ്രമണപഥത്തിലേക്ക് എത്തിക്കും. ചന്ദ്രനില്‍നിന്ന് കൂടിയ കൂടിയ അകലം 100 കിലോമീറ്ററും (അപൊലൂണ്‍) കുറഞ്ഞ അകലം 30 കിലോമീറ്ററുമുള്ള (പെരിലൂണ്‍) ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥമാണിത്. ഉപരിതലത്തില്‍നിന്ന് 30 കിലോമീറ്റര്‍ ഉയരത്തില്‍ എത്തുമ്പോഴാണ് വിക്രം ലാന്‍ഡര്‍ മൊഡ്യൂള്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുക. തുടര്‍ന്ന് അതിനുള്ളിലെ പ്രഗ്യാന്‍ റോവര്‍ പുറത്തുവന്ന് ചന്ദ്രോപരതലത്തില്‍ സഞ്ചരിച്ച് പരീക്ഷണങ്ങള്‍ നടത്തും.