കോട്ടയം : വാശിയേറിയ പോരാട്ടം നടക്കുന്ന പാലാ മണ്ഡലത്തിൽ ആവേശം നിറച്ച് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ചാണ്ടി ഉമ്മന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. മണ്ഡലത്തിലെ വിവിധഭാഗങ്ങളിൽ അദ്ദേഹം മാണി.സി.കാപ്പന് വേണ്ടി വോട്ട് തേടിയെത്തി. മേയ് രണ്ടിന് ഫലം പുറത്തുവരുമ്പോൾ പാലാ മണ്ഡലത്തിന്റെ എം.എൽ.എയായി മാണി.സി.കാപ്പൻ വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്നും പാലായ്ക്ക് എം.എൽ.എയുണ്ടെങ്കിൽ അത് മാണി.സി.കാപ്പൻ മാത്രമായിരിക്കുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
മാണി.സി.കാപ്പനും ചാണ്ടി ഉമ്മനും ചേർന്ന് നടത്തിയ റോഡ് ഷോയ്ക്ക് വൻ സ്വീകരണമാണ് ലഭിച്ചത്. ചാണ്ടി ഉമ്മന്റെ വരവോടെ മണ്ഡലത്തിലെ യു.ഡി.എഫ് ക്യാമ്പും കൂടുതൽ ആവേശഭരിതമായി. വീടുവീടാന്തരം കയറിയും കവലകളിലെ ചെറിയ യോഗങ്ങളിൽ പങ്കെടുത്തും ചാണ്ടി ഉമ്മൻ മാണി.സി.കാപ്പന്റെ വിജയത്തിന് പാലാക്കാരുടെ പിന്തുണ തേടി. തുടർന്ന് പൂഞ്ഞാറിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ടോമി കല്ലാനിക്കൊപ്പം റോഡ് ഷോയിലും ചാണ്ടി ഉമ്മൻ പങ്കെടുത്തു. ഉച്ചയോടെ ചെങ്ങന്നൂരിലെത്തിയ അദ്ദേഹം യു.ഡി.എഫ് സ്ഥാനാർത്ഥി എം.മുരളിയ്ക്ക് വേണ്ടി വോട്ട് തേടി ഇറങ്ങി. കനത്ത മഴയെ അവഗണിച്ച് പ്രവർത്തകർക്കൊപ്പം വ്യാപാര സ്ഥാപനങ്ങൾ തോറും വോട്ട് അഭ്യർത്ഥിച്ച് അദ്ദേഹമെത്തി. വൈകിട്ടോടെ തിരുവനന്തപുരം നെയ്യാറ്റിൻകരയിലെത്തിയ ചാണ്ടി ഉമ്മൻ സ്ഥാനാർത്ഥി ആർ.ശെൽവരാജിന്റെ റോഡ് ഷോയിലും കൺവെൻഷനിലും പങ്കെടുത്തു.