കോട്ടയം: വിജയത്തില്‍ സമ്മതിദായകര്‍ക്ക് നന്ദി പറഞ്ഞ് ചാണ്ടി ഉമ്മന്‍ മണ്ഡലത്തില്‍ പദയാത്ര ആരംഭിച്ചു. വിജയം കഴിഞ്ഞിറങ്ങിയ പകല്‍ മണ്ഡലത്തിലുടനീളം സഞ്ചരിക്കാനാണ് ചാണ്ടി തീരുമാനിച്ചത്. പതിവ് ശൈലി തെറ്റിക്കാതെ നഗ്‌നപാദനായാണ് സഞ്ചാരം. വാകത്താനം മുതല്‍ അകലകുന്നം വരെ 35 കിലോമീറ്റര്‍ ദൂരമാണ് ഇന്നത്തെ യാത്ര. യാത്ര തുടങ്ങിയപ്പോള്‍ മഴയും തുടങ്ങി. എന്നാല്‍ അതെല്ലാം അവഗണിച്ചാണ് യാത്ര. പുതുപ്പള്ളിയില്‍ പിതാവിന്റെ സ്വപ്നം സാക്ഷാത്കരിക്കുമെന്നാണ് ചാണ്ടി ഉമ്മന്‍ പറഞ്ഞത്.
വികസനത്തിന്റെയും കരുതലിന്റെയും തുടര്‍ച്ചയാണ് ഉണ്ടാകുകയെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളിലും ഉമ്മന്‍ ചാണ്ടി ശൈലി പിന്തുടരും. പിതാവിന്റെ സ്വപ്നസാക്ഷാത്കാരമാണ് പ്രധാന പരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കി. പുതുപ്പള്ളിയുടെ മനസ് പൂര്‍ണമായി തനിക്കൊപ്പമുണ്ടെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഭൂരിപക്ഷം എന്നത് സാങ്കേതികത്വം മാത്രമാണ്. വികസന തുടര്‍ച്ചയായാണ് പുതുപ്പള്ളിയിലെ പുതിയ ദൗത്യം. അതു യാഥാര്‍ത്ഥ്യബോധത്തോടെ ഏറ്റെടുക്കുന്നു. ബി.ജെ.പി വോട്ട് ലഭിച്ചോയെന്ന ചോദ്യത്തോട് സി.പി.എമ്മിന്റെ വോട്ട് എവിടെപ്പോയി എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.