തിരുവനന്തപുരം : പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദ്ദിച്ച കേസില്‍ ജയില്‍ മേധാവി ഡി.ജി.പി സുധേഷ് കുമാറിന്റെ മകള്‍ക്കെതിരേ കുറ്റക്കാരിയാണെന്നു റിപ്പോര്‍ട്ട്. ഐ.പി.സി 294 ( ബി ), 324, 322 എന്നീ വകുപ്പുകള്‍ ചുമത്തിയുള്ള പ്രഥമ വിവര റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും. അതേസമയം ഡി.ജി.പിയുടെ മകളുടെ കാലില്‍ കാര്‍ കയറ്റിയിറക്കിയെന്നും സ്ത്രിത്വത്തെ അപമാനിച്ചുവെന്നും കയ്യില്‍ കയറി പിടിച്ചുവെന്നും ഉള്ള പരാതി വ്യാജമാണെന്നു കണ്ടെത്തിയതോടെ അവ തള്ളിക്കളയാനും ക്രൈം ബ്രാഞ്ച് പോലീസ് തീരൂമാനിച്ചു.
ഡി.ജി.പിയുടെ മകള്‍ക്കെതിരേയുള്ള കുറ്റപത്രം തിരുവനന്തപുരം ജുഡിഷ്യല്‍ മജിസ്‌ടേറ്റ് കോടതിയില്‍ ഉടന്‍ സമര്‍പ്പിക്കും. കേസ് സംബന്ധിച്ച് ക്രൈം ബ്രാഞ്ച് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനലറിന്റെ നിയമോപദേശം തേടിയിരുന്നു. പോലീസ് ഉന്നതന്റെ മകള്‍ കുറ്റക്കാരിയാണെന്ന നിയമോപദേശം ലഭിച്ച സാഹചര്യത്തില്‍ തുടര്‍നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് ക്രൈം ബ്രാഞ്ച് മേധാവി എ.ഡി.ജി.പി ഷേക്ക് ദര്‍വേഷ് സഹിബ്. 2018 ജൂണ്‍ 13നാണ് തിരുവനന്തപുരം കനക കുന്നിന് സമീപം മര്‍ദ്ദനം നടക്കുന്നത്. വെറും 70 സെക്കന്‍ഡ് ദൈര്‍ഘ്യത്തിനുള്ളില്‍ നടന്ന വിവാദ സംഭവത്തിന് ദൃക്‌സാക്ഷികള്‍ ആരുമില്ലായിരുന്നു. റോഡില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി കാമറ പരിശോധിച്ചെങ്കിലും ഫലം ഉണ്ടായില്ല. പിന്നീട് ശാസ്ത്രീയ / മെഡിക്കല്‍ തെളിവുകള്‍ ആസ്പദമാക്കി നടന്ന ക്രൈം ബ്രാഞ്ച് അന്വേഷണത്തെ അട്ടിമറിക്കാന്‍ ഉന്നതങ്ങളില്‍ നിന്നു വരെ ശക്തമായ ഇടപെടല്‍ ഉണ്ടായി.
തലനാരിര കീറി നടത്തിയ അന്വേഷണം അട്ടിമറിക്കുന്നതിനായി ഫാക്ച്വല്‍ റിപ്പോര്‍ട്ടിന്മേല്‍ പിഴവുകള്‍ കടന്നു കൂടിയതായും കോടതിയില്‍ ചെല്ലുമ്ബോള്‍ കേസ് വിട്ടു പോകുമെന്നും ചൂണ്ടിക്കാട്ടി പല തവണ ഉന്നതര്‍ മനഃപൂര്‍വ്വം കുറ്റപത്ര സമര്‍പ്പണം വലിച്ചു നീട്ടി. ഇതിനിടെ, പ്രത്യേക സംഘത്തിന്റെ പ്രധാനിയെ നേരിട്ട് വിളിച്ച് വരുത്തി അനുനയ രൂപേണ ഭംഗിവാക്ക് പറഞ്ഞ് ഭീഷണിപ്പെടുത്താനുള്ള നീക്കവും അരങ്ങേറി. യൂണിഫോം അഴിച്ചു വെക്കേണ്ടി വന്നാലും കണ്ണില്‍ കണ്ടതല്ലാതെ മറിച്ച് എഴുതില്ലെന്നു അന്വേഷണ ഉദ്യോഗസ്ഥന്‍ ഉറച്ച നിലപാട് എടുത്തതോടെ ഉന്നതന്റെ നീക്കം പൊളിഞ്ഞു.
താഴേ തട്ടിലുള്ള ഒരു പൊലീസുകാരന് വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ നീതി ലഭിക്കുന്നതും ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മകള്‍ നല്‍കിയത് കള്ള പരാതിയാണെന്നു കണ്ട് റഫര്‍ ചെയ്യാനുള്ള അന്തിമ റിപ്പോര്‍ട്ട് തയ്യാറാകുന്നതും പൊലീസ് സേനയില്‍ ഇതാദ്യമാണ്, അസാധാരണമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ കേസ് നേരിട്ട് വിലയിരുത്തിയതും ഗവാസ്‌കകറുടെ ബന്ധുവായ മാധ്യമ പ്രവര്‍ത്തകയുടെ നിതാന്ത ജാഗ്രതയും കേസ് അട്ടിമറിക്കാനുള്ള നീക്കം തടഞ്ഞു.
പ്രഭാത സവാരിക്ക് ഔദ്യോഗിക വാഹനത്തില്‍ ഡി.ജി.പിയുടെ മകളും ഭാര്യയുമായി പൊലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ കനകക്കുന്നില്‍ എത്തുന്നു. ദിവസങ്ങള്‍ക്ക് മുമ്ബ് പൊലീസ് ഉന്നതന്റെ മകളുടെ ഫിസിക്കല്‍ ട്രയിനര്‍ മെറീനയോടു ഗവാസ്‌കര്‍ തന്റെ കാര്യം പറഞ്ഞുവെന്നാരോപിച്ച് തര്‍ക്കിക്കുന്നു. താന്‍ ആരോടും ഒന്നും പറഞ്ഞിട്ടില്ലെന്നും ക്യാമ്ബിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്നും മാത്രമാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും ഗവാസ്‌കര്‍ മറുപടി പറയുന്നു.
ഇതിനിടെ ഉന്നതന്റെ മകള്‍ അറപ്പുള്ള വാക്കുകള്‍ ഉപയോഗിക്കുന്നു. തന്റെ ഐപോഡ് കാറിന്റെ മുന്‍വശത്തെ ഇടതു സീറ്റില്‍ വച്ചിട്ട് പുറത്തേക്ക് ഇറങ്ങുന്നു. കാറില്‍ തന്നോടൊപ്പം മടക്കമില്ലെന്നും കാറിന്റെ താക്കോല്‍ തിരിച്ചു തരണമെന്നുള്ള ഉന്നതന്റെ മകള്‍ ആവശ്യപ്പെടുന്നു. ഔദ്യോഗിക കാറിന്റെ താക്കോല്‍ ആര്‍ക്കും കൈമാറാനാവില്ലെന്നും അങ്ങനെ ചെയ്താല്‍ തനിക്ക് പണി വീഴുമെന്നും പറഞ്ഞ് ഗവാസ്‌കര്‍ അവശ്യം നിരാകരിക്കുന്നു. പിന്നീട് അമ്മയും മകളും പുറത്തോട്ട് ഇറങ്ങി നടക്കുന്നതിന് ഇടയില്‍ ഐപോഡ് കാറിലാണെന്ന കാര്യം ഓര്‍ക്കുന്നു.
തിരിച്ച് തങ്ങളുടെ പിറകെ വന്നു കൊണ്ടിരുന്ന കാറിനടുത്തേക്ക് പോയ ഉന്നതന്റെ മകള്‍ കാറിന്റെ ബോണറ്റില്‍ ശക്തമായി ഇടിക്കുന്നു. പിന്നീട് ഡോര്‍ തുറന്നു ഐപോഡ് എടുക്കുകയും ഗവാസ്‌കറുടെ കഴുത്തില്‍ രണ്ടു വട്ടം ഇടിക്കുകയും ചെയ്തു. ഗവാസ്‌കര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയ ശേഷം കൗണ്ടര്‍ കേസായി ഡി.ജി.പിയുടെ മകള്‍ , തന്നെ അപമാനിച്ചുവെന്നു കാട്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഡി.ജി.പിയുടെ മകളുടെ കാലില്‍ കണ്ട പരുക്ക് ഓട്ടോറിക്ഷാ ഇടിച്ചാണെന്നും കണ്ടെത്തി.