പത്തനംതിട്ട : വൃക്ക മാറ്റിവെയ്ക്കല്‍ ഉള്‍പ്പെടെയുള്ള ചിലവുകള്‍ക്ക് യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു. കല്ലറക്കടവ് അമൃതാനന്ദമയി സ്കൂളിന് സമീപം താമസക്കാരനായ പുതിയത്ത് രാജേശ്വരി ഭവനത്തില്‍ ശരത് കുമാര്‍ (29) ആണ് ചികിത്സക്ക് പണം ഇല്ലാതെ ബുദ്ധിമുട്ടുന്നത്. ഒരു വര്‍ഷം മുമ്പാണ് ശരത്തിന് വൃക്ക സംബന്ധമായ അസുഖം ഉണ്ടായത്. അതിന് ശേഷം ചില ആശുപത്രികളുടെ സഹായത്തോടെ ഡയാലിസിസ് ഉള്‍പ്പെടെയുള്ള ചികിത്സകള്‍ നടത്തിവരികയാണ്. മാതാവും ഒരു സഹോദരിയും മാത്രമേ വീട്ടില്‍ ഉള്ളു. പിതാവ് നേരത്തെ മരണപ്പെട്ടതാണ്.
വൃക്ക മാറ്റി വെയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ഇതിനായി ഏകദേശം 30 ലക്ഷം രൂപ ആവശ്യമുണ്ട്. ജോലിതേടി ശരത് വിദേശത്ത് പോയെങ്കിലും അസുഖത്തെതുടര്‍ന്ന് തിരികെ വരികയായിരുന്നു. അങ്ങനെയും സാമ്പത്തിക ബുദ്ധിമുട്ടുണ്ടായി. ഇപ്പോള്‍ വീട്ടില്‍ ശയ്യാവലംബനായി ചികിത്സയിലാണ്. ബന്ധുക്കളും സാമ്പത്തികമായി പിന്നോക്കമായതിനാല്‍ ആരും സഹായിക്കാനില്ലാത്ത അവസ്ഥയാണ്.
ആഴ്ചയില്‍ 3 തവണയെങ്കിലും ഡയാലിസിസ് നടത്തി വരികയാണ്. ഇതിനായി മാസം കുറഞ്ഞത് ഇരുപതിനായിരം രൂപ ചെലവ് വരുന്നുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുള്ള ശരത്തിന്‍റെ ദയനീയാവസ്ഥ കണ്ട് മുന്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. എ. സുരേഷ് കുമാര്‍ (രക്ഷാധികാരി) വാര്‍ഡ് കൗണ്‍സില്‍ ഷീന രാജേഷ് (കണ്‍വീനര്‍) എന്നിവരുടെ നേതൃത്വത്തില്‍ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. മാതാവ് തങ്കം ശശിക്കുട്ടന്‍റെയും കൗണ്‍സിലര്‍ ഷീന രാജേഷിന്‍റെയും നേതൃത്വത്തില്‍ ബാങ്ക് ഓഫ് ബറോഡ പത്തനംതിട്ട ശാഖയില്‍ ജോയിന്‍റ് അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 25110100017983. IFSC: BARB0PATTAN കഴിയുന്ന സാമ്പത്തികം നല്‍കി സഹായിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. ഫോണ്‍: 93498 33100