ചാരുംമൂട് : വീടിന്റെ ജനാലയുടെ കൊളുത്തുള്ള ഭാഗം തുരന്ന് ജനൽ തുറന്ന് മുറിയിൽ ഉറങ്ങിക്കിടന്ന സ്ത്രീയുടെ പാദസരം പൊട്ടിച്ചെടുത്തു. താമരക്കുളം ഗുരുനാഥൻ കുളങ്ങര പ്ലാവിളയിൽ അനിലിന്റെ വീട്ടിലാണ് കഴിഞ്ഞ രാത്രി മോഷണം നടന്നത്. കിടപ്പുമുറിയിൽ ഉറങ്ങുകയായിരുന്ന ഭാര്യ രമ്യയുടെ കാലിൽ കിടന്ന സ്വർണ പാദസരമാണ് മോഷ്ടിച്ചത്. ജനാലയോടു ചേർന്നാണ് രമ്യ കിടന്നിരുന്നത്. പുലർച്ചെ 3 മണിയോടെ ഉണർന്നപ്പോഴാണ് ഒരു കാലിലെ പാദസരം നഷ്ടപ്പെട്ടതറിയുന്നത്. വീടിനുള്ളിൽ കാണുമെന്ന് കരുതി തിരഞ്ഞെങ്കിലും കിട്ടിയില്ല. രാവിലെ ജനൽ ഭാഗത്ത് നോക്കുമ്പോഴാണ് കൊളുത്തിന്റെ ഭാഗത്തെ ദ്വാരങ്ങൾ ശ്രദ്ധയിൽപെട്ടത്.
തുടർന്ന് നൂറനാട് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി പരിശോധന നടത്തി. വീടിന്റെ തെക്കുവശത്ത് മോഷ്ടാവിന്റേതെന്നു കരുതുന്ന കാൽപാടുകൾ കണ്ടെത്തി. മുൻപ് സമാനമായ രീതിയിൽ മോഷണം നടത്തിയവരെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നു.






























