തിരൂര്‍ : 111 വര്‍ഷം പഴക്കമുള്ള സ്വര്‍ണനാണയം കച്ചവടം ചെയ്യാനെന്ന പേരില്‍ തിരൂര്‍ സ്വദേശിയെ തട്ടിപ്പിനിരയാക്കാന്‍ ശ്രമം. തിരൂര്‍ സ്വദേശിയായ ഷാഫിയെയാണ് ഫോണ്‍ വിളിച്ച് കബളിപ്പിക്കാന്‍ ശ്രമിച്ചത്. സ്ഥലം കുഴിച്ചപ്പോള്‍ പുരാതനമായ ഒരുകുടുക്ക കണ്ടെടുത്തെന്നും അതില്‍ മൂന്നര കിലോയോളം സ്വര്‍ണനാണയങ്ങള്‍ ലഭിച്ചെന്നുമാണ് വില്‍പനക്കാരന്‍ ഫോണിലൂടെ അറിയിച്ചത്.
ഫോട്ടോ ആവശ്യപ്പെട്ടപ്പോള്‍ കാണിച്ചുകൊടുത്തു. എന്നാല്‍, നാണയങ്ങളുടെ ഫോട്ടോ കാണുമ്ബോള്‍ പുതുപുത്തന്‍ സ്വര്‍ണത്തിന്റെ തിളക്കമാണുള്ളത്. 111 വര്‍ഷം പഴക്കം തോന്നുന്നില്ലെന്നും ഷാഫി പറയുന്നു. സ്വന്തം വിവരങ്ങള്‍ കൈമാറാനും വില്‍പനക്കാരന്‍ തയാറായിരുന്നില്ല. 18ാം തീയതിയാണ് തിരൂര്‍ ബി.പി അങ്ങാടി സ്വദേശി ഷാഫിക്ക് കാള്‍ വരുന്നത്. കര്‍ണാടകയില്‍ കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ജോലി ചെയ്യുന്ന മലയാളിയാണ് വിളിച്ചത്.
കര്‍ണാടക സര്‍ക്കാര്‍ ഓരോ വ്യക്തികള്‍ക്കും നല്‍കിയ മിച്ചഭൂമി കുഴിച്ചപ്പോള്‍ പുരാതനമായ കുടുക്ക കണ്ടെത്തുകയും അതില്‍നിന്ന് മൂന്നര കിലോയോളം വരുന്ന സ്വര്‍ണനാണയം കിട്ടിയെന്നുമാണ് പറഞ്ഞത്. കര്‍ണാടകയില്‍ തനിക്ക് പരിചയമുള്ള ഒരുവ്യക്തിയുടെ സ്ഥലത്തുനിന്നാണ് നാണയങ്ങള്‍ ലഭിച്ചതെന്നും ഇവിടെ വന്ന് നാണയം കൈപ്പറ്റണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍, വിളിക്കുന്നതാരാണെന്നോ പേരോ സ്ഥലമോ ഒന്നും പറയാന്‍ ഇയാള്‍ തയാറായില്ല.
സ്റ്റീല്‍ ഉപകരണങ്ങളുടെ കട നടത്തുന്ന ഷാഫിയുടെ വിസിറ്റിങ് കാര്‍ഡ് എങ്ങനെയോ ലഭിച്ച തട്ടിപ്പുവീരന്‍ സുഹൃത്താണെന്ന് പറഞ്ഞായിരുന്നു സംസാരിച്ചത്. സംസാരിച്ചുതുടങ്ങിയപ്പോള്‍തന്നെ തട്ടിപ്പ് മനസ്സിലാക്കിയ ഷാഫി തിരൂര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.