കോട്ടയം: വിവാഹം നടത്തി നല്‍കാമെന്നു വാഗ്‌ദാനം ചെയ്‌ത് സ്വര്‍ണവും പണവും തട്ടിയെടുത്ത കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. സ്വര്‍ഗീയ വിരുന്ന് ആരാധനാ കേന്ദ്രത്തില്‍ പ്രാര്‍ത്ഥനയ്‌ക്കായി എത്തിയ റിട്ട.സ്‌കൂള്‍ പ്രിന്‍സിപ്പലിനെ മകളുടെ വിവാഹം നടത്തി നല്‍കാമെന്നു വാഗ്‌ദാനം ചെയ്‌തു 68 ലക്ഷം രൂപയും 16 പവനും തട്ടിയെടുത്ത കേസില്‍ കൊട്ടാരക്കര സ്വദേശികളായ ദമ്പതികള്‍ അറസ്റ്റില്‍. ചുങ്കത്ത് വാടകയ്‌ക്കു താമസിക്കുന്ന കൊട്ടാരക്കര തൃക്കൂന്നമംഗലം അജോയ് വില്ലയില്‍ ബിജോയ് (39), ഭാര്യ ഷൈനി (47) എന്നിവരെയാണ് ഈസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ നിര്‍മ്മല്‍ ബോസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്‌തത്.
കളത്തിപ്പടി മരിയന്‍ സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ എട്ടുവീട്ടില്‍ മേരി വിജയനെയാണ് ദമ്പതികള്‍ പറ്റിച്ചു ലക്ഷങ്ങള്‍ തട്ടിയെടുത്തത്. സ്വര്‍ഗീയ വിരുന്ന് ആരാധനാ കേന്ദ്രത്തില്‍ പ്രാര്‍ത്ഥനയ്‌ക്കായി എത്തിയപ്പോഴാണ് മേരി വിജയനെ ഷൈനി പരിചയപ്പെട്ടത്. തുടര്‍ന്ന് മേരി വിജയന്റെ മകള്‍ക്കു വിദേശത്തു നിന്നും വിവാഹം ഉറപ്പിക്കാന്‍ ഷൈനി ഇടനില നിന്നു. വിദേശത്തു നിന്നും എത്തിയ ആലോചന ഉറപ്പിച്ച മേരി വിജയനോട്, മകളുടെ പ്രതിശ്രുത വരന് വിദേശത്തെ തന്റെ ബിസിനസിന്റെ ആവശ്യത്തിനായി പണം കടം വേണമെന്ന് ആവശ്യപ്പെട്ടു.
മകളുടെ വിവാഹം മുന്നില്‍ കണ്ട മേരി പലതവണയായി ഷൈനി നിര്‍ദേശിച്ച യുവാവിന് പണവും സ്വര്‍ണവും നല്‍കി. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും വിവാഹത്തിന്റെ ചടങ്ങുകള്‍ നടക്കാതെ വന്നതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്.
തുടര്‍ന്നു മേരി വിജയന്‍ ജില്ലാ പോലീസ് മേധാവി ജി.ജയദേവിനു പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെപ്പറ്റി സൂചന ലഭിച്ചത്. തുടര്‍ന്നു ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.