തിരുവനന്തപുരം: സോഷ്യല്‍ മീഡിയ വഴി മൊബൈല്‍ വില്‍പന പരസ്യം നല്‍കി ഒന്നരക്കോടിയോളംരൂപ തട്ടിയെടുത്ത യുവാവ് പിടിയില്‍. കല്ലിയൂര്‍ വള്ളംകോട് പകലൂര്‍ വട്ടവിള സിബി ഭവനില്‍ സിബി മോന്‍ (28) ആണ് ഫോര്‍ട്ട്.
മൊബൈല്‍ ഫോണ്‍ ഷോപ്പുടമകള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. വിലയേറിയ ഫോണുകള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. കമ്പനികള്‍ പുറത്തിറക്കുന്ന ചെറിയ കേടുപാടുള്ള ഫോണുകള്‍ നന്നാക്കി വില്‍പന നടത്തുന്നുവെന്നാണ് ഇയാള്‍ അവകാശപ്പെട്ടിരുന്നത്.
ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ വഴിയായിരുന്നു സിബിമോന്‍ തട്ടിപ്പ് നടത്തിയിരുന്നത്. തുടക്കത്തില്‍ ചില കടകള്‍ക്ക് ഫോണുകള്‍ നല്‍കിയശേഷം കൂടുതല്‍ തുക മുന്‍കൂറായി വാങ്ങി ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. നിരവധിപേര്‍ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് സംശയിക്കുന്നതെന്ന് ഫോര്‍ട്ട് പോലീസ് അറിയിച്ചു.
ഒളിവില്‍പോയ സിബിമോന്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. എന്നാല്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി വീണ്ടും തട്ടിപ്പ് തുടരുകയായിരുന്നു. ഫോര്‍ട്ട് സിഐ ജെ. രാകേഷ്, എസ്.ഐമാരായ എസ്. വിമല്‍, സെല്‍വിയസ്, സിപിഒമാരായ ബിനു, സാബു എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.