മല്ലപ്പള്ളി : സ്കൂളുകൾ തുറക്കുന്നതിന് മുൻപായി സ്കൂൾ ബസുകളുടെ ഫിറ്റ് നസ് പരിശോധിക്കുന്ന നടപടികള്‍ ആരംഭിച്ചു. മല്ലപ്പള്ളി ചെങ്ങരൂർ ബിഎഡ് കോളേജ് ഗ്രൗണ്ടിലാണ് പരിശോധന നടന്നത്. മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് കൂടുതൽ മുൻ കരുതലുകൾ സ്കൂൾ ബസുകളിൽ ഒരുക്കേണ്ട ആവശ്യകത സ്കൂൾ അധികാരികളെ നേരത്തെ മോർട്ടാർ വാഹന വകുപ്പ് അധികാരികൾ അറിയിച്ചിരുന്നു. ഇതിൽ പ്രകാശം സ്കൂൾ അധികാരികൾ മോട്ടോർ വാഹന വകുപ്പ് പറഞ്ഞിട്ടുള്ള നിർദ്ദേശങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുവാനാണ് പരിശോധന നടത്തിയത്.
സ്കൂൾ ബസുകളുടെ പരിശോധന റോഡ് ട്രാൻസ്പോർട്ട് ഓഫീസർ എ കെ ഡിലു ഉദ്ഘാടനം ചെയ്തു. ജോയന്റ് ആർ ടി ഒ എം ജി മനോജ്, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആർ പ്രസാദ് , അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ സുരേഷ് ബാബു എംജി, ബിനോജ് എസ് എന്നിവർ പരിശോധനയ്ക്ക് നേത്യത്വം നൽകി. മല്ലപ്പള്ളി താലൂക്കിലെ 99 സ്കൂളുകളിൽ നിന്നായി 60 ബസുകൾ ഒന്നും ഘട്ടത്തിൽ പരിശോധിച്ചു. എമർജൻസി വാതിൽ, നിശ്ചിത അളവിൽ സൈഡ് ജനാലകൾ, സ്പീഡ് ലിമിറ്റ് ഡിവൈസ്, വാഹനത്തിന്റെ ബാറ്ററി പ്രവർത്തനക്ഷമത, ഡോർ ഷെൽട്ടർ , ബാഗ് സൂക്ഷിക്കാനുള്ള സൗകര്യം, വാഹനത്തിന് 15 വർഷത്തിൽ കൂടുതൽ പഴക്കമുണ്ടോ തുടങ്ങിയ നിരവധി കാര്യങ്ങളാണ് മോട്ടോർ വാഹന ഉദ്യോഗസ്ഥർ പരിശോധിച്ചത്.