പാലക്കാട് : അയിലൂര്‍ വനമേഖലയില്‍ വീണ്ടും പുലിയിറങ്ങി, ആടിനെ കടിച്ചുകൊന്നു. പ്രദേശവാസികള്‍ ഭീതിയില്‍. കയറാടി കൈതച്ചിറ നാലാംകൂപ്പ് ബിനോയിയുടെ രണ്ടുവയസ്സുള്ള ആടിനെയാണ് കൊന്നത്. വീടിനു സമീപത്തുള്ള കാട്ടിലാണ് ആടിനെ കെട്ടിയിട്ടിരുന്നത് . വൈകീട്ട് അഴിക്കാനായി പോയപ്പോള്‍ കഴുത്തിന് കടിയേറ്റ് ചത്ത നിലയില്‍ കാണുകയായിരുന്നു. വെറ്ററിനറി ഡോക്ടറുടെ പരിശോധനയിലാണ് പുലിയുടെ കടിയേറ്റാണ് ചത്തതെന്ന് കണ്ടത്തിയത്.
വെള്ളിയാഴ്ച പുലര്‍ച്ചെയും ആടുകള്‍ കരഞ്ഞതിനെത്തുടര്‍ന്ന് വീടിനു പുറത്തിറങ്ങിയപ്പോള്‍ വീണ്ടും പുലിയെ കണ്ടെന്ന് ബിനോയ് പറഞ്ഞു . തുടര്‍ന്ന് ബഹളം വെച്ച് സമീപവാസികളുടെ നേതൃത്വത്തില്‍ പുലിയെ ഓടിക്കുകയായിരുന്നു. ഇതോടെ പ്രദേശവാസികള്‍ ഭീതിയിലായിരിക്കുകയാണ് . രണ്ടുവര്‍ഷം മുമ്പും ഈ മേഖലയില്‍ പുലിയിറങ്ങിയിരുന്നു