ചെങ്ങന്നൂർ: ശബരിമല ദർശനം കഴിഞ്ഞെത്തിയ ആന്ധ്രാ പ്രദേശ്, ചെന്നൈ സ്വദേശികളായ അയ്യപ്പഭക്തരുടെ പണമടങ്ങിയ ബാഗ് മോഷ്ടിച്ചു. ആന്ധ്രാപ്രദേശ് ഗുണ്ടൂർ വെങ്കായിപ്പാലം ചിന്നസ്വാമിയുടെ ബാഗിലുണ്ടായിരുന്ന 3000 രൂപ, എ.ടി.എം കാർഡ്, ആധാർ കാർഡ് എന്നിവ മോഷണം പോയവയില്‍ ഉള്‍പ്പെടുന്നു.
ശബരിമലയിൽ നിന്നും ദർശനം കഴിഞ്ഞ് ഇന്നു രാവിലെ 7 മണിക്കാണ് ഇവർ ചെങ്ങന്നൂരിൽ എത്തിയത്. റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ വിശ്രമിച്ച ശേഷം തിരികെ ഹൈദരാബാദിലേയ്ക്ക് പോകാനായിരുന്നു പദ്ധതി. ഇവർ കുളിക്കാന്‍ കയറിയ സമയത്താണ് ബാഗ് മോഷണം പോയത്. ബാഗ് സൂക്ഷിക്കാൻ എൽപ്പിച്ചയാൾ തന്റെ മൊബൈലിൽ ശ്രദ്ധ കേന്ദ്രീകരിച്ച സമയത്താണ് ഇവരുടെ ബാഗും സാധനങ്ങളും കളവ് പോയതെന്ന് ചിന്നസ്വാമി പറഞ്ഞു. ആർ.പി.എഫിൽ പരാതി നൽകിയെങ്കിലും അവർ ഇതിന് വേണ്ട പരിഗണന നൽകിയില്ലന്ന് ഭക്തർ പറഞ്ഞു. വേണമെങ്കിൽ തങ്ങളുടെ പക്കൽ ഉള്ള ബാഗ് തരാമെന്നും ചെങ്ങന്നൂർ പോലീസിൽ പരാതി നൽകാനും ഉദ്യോഗസ്ഥർ പറഞ്ഞതായി അയ്യപ്പഭക്തർ പറഞ്ഞു.