ന്യൂഡല്‍ഹി : പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിനു മുന്നോടിയായി ഡമ്മി പരീക്ഷണം അടുത്ത ദിവസങ്ങളില്‍ തന്നെ നടക്കും. മീററ്റ് ജയിലിലെ ആരാച്ചാര്‍ പവന്‍ ജല്ലാദിനെ തിഹാര്‍ ജയിലിലേക്ക് അയയ്ക്കാന്‍ തീരുമാനിച്ചതായി യുപി ജയില്‍ മന്ത്രി വ്യക്തമാക്കി. അക്ഷയ് കുമാര്‍ സിങ്, പവന്‍ ഗുപ്ത, മുകേഷ് സിങ്, വിനയ് ശര്‍മ എന്നിവരെ മൂന്നാം നമ്പര്‍ ജയിലില്‍ ഒരുമിച്ചു തൂക്കിലേറ്റും.
സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായാണ് 4 പേര്‍ക്ക് ഒന്നിച്ചു വധശിക്ഷ നടപ്പാക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇതിനായി വലിയ തൂക്കുമരത്തട്ട് തയാറാക്കുന്ന ജോലികള്‍ പൂര്‍ത്തിയായി. പാര്‍ലമെന്റ് അക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതും തിഹാറിലെ മൂന്നാം നമ്പര്‍ ജയിലിലാണ്. ഭാരവും ബലവും കൃത്യമാക്കാനാണു ഡമ്മി ഉപയോഗിച്ചുള്ള പരിശോധന നടത്തുന്നത്. 4 പ്രതികളുടെ വധശിക്ഷ 22നു രാവിലെ 7നു നടപ്പാക്കാന്‍ കഴിഞ്ഞ ദിവസം പട്യാല ഹൗസ് കോടതി ഉത്തരവിട്ടിരുന്നു.