ചെങ്ങന്നൂർ : ശബരിമലയുടെ പ്രവേശന കവാടമായ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ബഹുനില പാർക്കിംഗ് സംവിധാനമൊരുക്കാൻ റെയിൽവേ പ്രാരംഭ നടപടികളാരംഭിച്ചു. പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ദിവസം സ്ഥലപരിശോധന നടത്തി .
ശബരിമല തീർത്ഥാടന കാലത്തെ വൻ തിരക്ക് കണക്കിലെടുത്താണ് പ്രസ്തുത പദ്ധതിക്ക് റെയിൽവേ ചെങ്ങന്നൂരിന് പ്രത്യേക പരിഗണന നൽകിയത്. പാർക്കിംഗ് കീറാമുട്ടിയായ സംസ്ഥാനത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ബഹുനില പാർക്കിംഗ് സംവിധാനമൊരുക്കാൻ റെയിൽവേ നേരത്തെ പദ്ധതി തയ്യാറാക്കിയിരുന്നു. ഇതിന്റെ ആദ്യ സംരംഭമായി കോട്ടയം റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് ബഹുനില മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. മുൻഗണനാക്രമത്തിൽ രണ്ടാം സ്ഥാനമാണ് ചെങ്ങന്നൂരിന് നൽകിയിട്ടുള്ളത്. മൂന്നുനിലകളിലുള്ള ഇരു ചക്രവാഹന പാർക്കിംഗ് മന്ദിരമാണ് കോട്ടയത്ത് നിർമ്മിക്കുന്നത്. 1.65 കോടി രൂപ പ്രവർത്തനച്ചെലവ് കണക്കാക്കുന്നു. ചെങ്ങന്നൂരിൽ കാറുകൾ കൂടി ഉൾക്കൊള്ളിക്കുന്ന ബഹുനില പാർക്കിംഗ് സംവിധാനമാണ് ലക്ഷ്യമിടുന്നത്. ഇതിനുള്ള പദ്ധതി തയ്യാറാക്കി വരുന്നു. പദ്ധതി ആദ്യം നടപ്പാക്കുന്ന കോട്ടയം, ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനുകളിലെ വിജയത്തെ ആശ്രയിച്ചാവും തുടർന്ന് അടുത്ത ഘട്ടമായി തിരുവനന്തപുരം , എറണാകുളം , കൊല്ലം എന്നിവടങ്ങളിൽ ഇതേ പാർക്കിംഗ് സംവിധാനം നടപ്പാക്കുക.
സ്ഥല പരിമിതിയും വാഹനപ്പെരുപ്പവും ഉള്ളിടത്താണ് ബഹുനിലകളിലായി വാഹന പാർക്കിംഗ് ഒരുക്കുന്നത്. വാഹനങ്ങൾ കയറ്റാനും ഇറക്കാനും പ്രത്യേകം റാമ്പുകളുണ്ടാവും. ചിലയിടത്ത് താഴേക്കു വാഹനമിറക്കാൻ ലിഫ്റ്റ് സൗകര്യവുമുണ്ടായിരിക്കും. നിലവിൽ കോയമ്പത്തൂർ, മധുര സ്റ്റേഷനുകളിൽ ബഹുനില വാഹന പാർക്കിംഗ് മന്ദിരങ്ങളുണ്ട്. കോയമ്പത്തൂരിൽ കഴിഞ്ഞ വർഷം തുറന്ന ഇരുന്നില മന്ദിരത്തിൽ 1400 ഇരുചക്രവാഹനങ്ങൾക്ക് ഒരേ സമയം പാർക്ക് ചെയ്യാം. നാലു മണിക്കൂറിന് 10 രുപയാണ് നിരക്ക്. നാലു മുതൽ 12 മണിക്കൂർ വരെ 30 രൂപ.12 മുതൽ 24 മണിക്കൂർ വരെ 55 രുപ ഇടാക്കും. 2015 മുതൽ മധുര റെയിൽവേ സ്റ്റേഷനിൽ ഇരുനില പാർക്കിംഗ് സംവിധാനമുണ്ട്. ഇവിടെ നിർമ്മാണച്ചെലവ് 60.22 ലക്ഷം രൂപയായിരുന്നു.