ചെങ്ങന്നൂർ : മോട്ടോർ വാഹന നിയമം ലംഘിച്ച സ്വകാര്യ ബസ് അധികൃതർ പിടിച്ചെടുത്തു. ചെങ്ങന്നൂർ-ഭരണിക്കാവ് റൂട്ടിൽ സർവ്വീസ് നടത്തുന്ന രാജാധിരാജ് ബസ് ബുധനാഴ്ച ഉച്ചക്ക് ചെങ്ങന്നൂർ സ്വകാര്യ ബസ് സ്റ്റാന്റിൽ വെച്ചാണ് മോട്ടോർ വാഹന വകുപ്പിലെ വെഹിക്കിൾ ഇൻസ് പെക്ടർ ബിജു, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടര്‍ സരസ കുമാർ എന്നിവരുടെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്.
വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിന്നിലെ ടയറുകൾ തീർത്തും മോശമായ അവസ്ഥയിലായിരുന്നു. സ്പീഡ് ഗവേർണർ ഇളക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. നിരോധിച്ച എയർ ഹോൺ വാഹനത്തില്‍ ഘടിപ്പിച്ചിരുന്നുവെന്നും കണ്ടക്ടർ ലൈസൻസിന്റെ കാലാവധി കഴിഞ്ഞിരുന്നുവെന്നും അവര്‍ പറഞ്ഞു. നേരത്തെ നൽകിയ നോട്ടീസ് അവഗണിച്ചു കൊണ്ടാണ് നിറയെ യാത്രക്കാരുമായി അപകടകരമായി സർവീസ് നടത്തിവന്നിരുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.