ചെങ്ങന്നൂർ : കൊല്ലം -തേനി ദേശീയപാത 183-ന്റെ ഭാഗമായ എം.സി. റോഡിലെ ചെങ്ങന്നൂർ ആഞ്ഞിലിമൂട് മുതൽ കോട്ടയം ഐഡ ജംഗ്ഷന്‍ വരെയുള്ള 32 കിലോമീറ്റർ നാലുവരിയാക്കും. ഇവിടം രണ്ടുവർഷം മുൻപാണ് ദേശീയപാതാ അതോറിറ്റി ഏറ്റെടുത്തത്. കൊല്ലം മുതൽ ആഞ്ഞിലിമൂടുവരെ റോഡ് വീതികൂട്ടുന്ന പദ്ധതിക്കു രൂപരേഖയായിട്ടുണ്ട്. ഇതിന്റെ തുടർച്ചയായിട്ടാണ് ചെങ്ങന്നൂർ മുതലുള്ള ഭാഗവും വീതികൂട്ടുന്നത്. 24 മീറ്ററിലാണ് നാലുവരിപ്പാത നിർമിക്കുന്നത്. പദ്ധതിയുടെ വിശദമായ രേഖ തയ്യാറാക്കുന്നതിനുള്ള ഏജൻസിയെ ക്ഷണിച്ചുകൊണ്ടുള്ള നോട്ടിഫിക്കേഷൻ ഉടൻ പുറത്തിറങ്ങും.
നിലവിലെ റോഡിന് 16 മുതൽ 18 മീറ്റർ വീതി മാത്രമാണുള്ളത്. ഇത് 24 മീറ്ററാക്കാൻ സ്ഥലമെടുക്കേണ്ടിവരും. നാലുവരിപ്പാത, ഡിവൈഡർ, നടപ്പാത, യൂട്ടിലിറ്റി ഡക്ട് എന്നിവയുമുണ്ടായിരിക്കും. സർവേ ഘട്ടത്തിൽ ഉയർന്ന വാഹനഗതാഗതം രേഖപ്പെടുത്തുകയാണെങ്കിൽ വീതി 30 മീറ്ററാക്കി ഉയർത്താനുള്ള സാധ്യതയുമുണ്ട്. സംസ്ഥാനത്ത് നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ദേശീയപാതയുടെ വികസന മാതൃകയിലായിരിക്കും എം.സി. റോഡുവികസനവും. തിരുവനന്തപുരം മുതൽ അങ്കമാലി വരെ എം.സി. റോഡ് വീതികൂട്ടി വികസിപ്പിക്കാനുള്ള പദ്ധതി സംസ്ഥാന സർക്കാരിന്റെ പരിഗണനയിലുമുണ്ട്. ഇതിന്റെ സാധ്യതാപഠനം നടക്കുകയാണ്.