കോന്നി : ചെങ്ങറ സമര ഭൂമിയിൽ പെൺകുട്ടികൾ ആത്മഹത്യ ചെയ്യുന്ന സംഭവത്തിൽ ദുരൂഹത ഏറുന്നു. ഭാഗ്യ, ശാരികൃഷ്ണ, അപർണ്ണ, ദീപ എന്നീ പെൺകുട്ടികളാണ് വിവിധ സാഹചര്യങ്ങളിൽ ചെങ്ങറ സമര ഭൂമിയിൽ ആത്മഹത്യ ചെയ്തതായി കണ്ടെത്തിയിട്ടുള്ളത്. ഇവർ നാല് പേരും വീടിനുള്ളിൽ തന്നെ തൂങ്ങി മരിച്ച നിലയിലായിരുന്നു എന്നതാണ് മരണത്തിലെ സമാനത. പതിനാലിനും ഇരുപത്തിനാലിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികളാണ് മരിച്ചവരിൽ ഉൾപ്പെടുന്നത്.
ദീപ എന്ന പതിനാല് കാരിയെയാണ് അവസാനമായി കഴിഞ്ഞ ദിവസം വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു പെൺകുട്ടിയുടെ സംസ്കാരം നടത്തിയത്. എന്നാൽ പെൺകുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇതുവരെ പുറത്തുവന്നിട്ടില്ലെന്നതാണ് അവസ്ഥ. അവസാനമായി മരിച്ച ദീപയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത് വന്നെങ്കിൽ മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളു. ഇരുപത്തിനാല് വയസുകാരിയായ യുവതി വിവാഹം കഴിഞ്ഞ് കുറച്ച് നാളുകൾക്കുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു. എന്നാൽ തുടർച്ചയായുണ്ടായ പെൺകുട്ടികളുടെ മരണത്തിലെ ദുരൂഹത നീക്കുവാൻ യാതൊരു നടപടിയും പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. മരണങ്ങളിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് സമര ഭൂമിയിൽ താമസിക്കുന്നവർ മുന്നോട്ട് വരാത്തതിലും ദുരൂഹത ഉണർത്തുന്നു. മലയാലപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്നതാണ് ചെങ്ങറ സമര ഭൂമി. സമര ഭൂമിക്കുള്ളിൽ നടക്കുന്ന പ്രശ്നങ്ങളിൽ പോലീസ് ഇടപെടൽ ശക്തമാക്കണമെന്നും ആവശ്യമുയരുന്നുണ്ട്. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ആവശ്യമുയരുന്നു.