തിരുവനന്തപുരം: രമേശ് ചെന്നിത്തല എഐസിസി ജനറല്‍ സെക്രട്ടറിയാകും. പ്രവര്‍ത്തക സമിതിയിലും അംഗമാക്കും. പഞ്ചാബിന്റെ ചുമതലയാകും നല്‍കുക. ഗുജറാത്ത് എടുക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ കോണ്‍ഗ്രസ് തോല്‍ക്കാന്‍ ഏറെ സാധ്യതയുള്ള ഗുജറാത്തില്‍ ചെന്നിത്തലക്ക് താല്‍പ്പര്യമില്ല. ഈ സാഹചര്യത്തില്‍ പഞ്ചാബിന്റെ ചുമതല നല്‍കിയേക്കും.
സംസ്ഥാന കോണ്‍ഗ്രസിലെ അനുനയശ്രമങ്ങളുടെ ഭാഗമായി രാഹുല്‍ഗാന്ധിയുമായി ചെന്നിത്തല കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രതിപക്ഷനേതാവ്, കെപിസിസി. പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളിലേക്ക് നടന്ന നിയമനങ്ങളില്‍ എ, ഐ ഗ്രൂപ്പുകള്‍ അതൃപ്തിയിലാണ്. ഈ സാഹചര്യത്തിലാണ് ക്ഷണിച്ചത്. എന്നാല്‍ ഉമ്മന്‍ ചാണ്ടിയോട് ഈ പരിഗണന ഹൈക്കമാണ്ട് കാട്ടിയുമില്ല. ഇതില്‍ ഉമ്മന്‍ ചാണ്ടി വേദനയിലാണ്. അതുകൊണ്ട് എഐസിസിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം ഉമ്മന്‍ ചാണ്ടി രാജിവെയ്ക്കുമെന്നും സൂചനയുണ്ട്.
കേരളത്തിലെ നേതൃമാറ്റത്തിനു ശേഷം ആദ്യമായാണ് സംസ്ഥാനത്തുനിന്നുള്ള നേതാവിനെ ഹൈക്കമാന്‍ഡ് ഡല്‍ഹിക്കു വിളിപ്പിക്കുന്നത്. പദവിക്കായി അവകാശവാദമുന്നയിച്ച് മുതിര്‍ന്ന നേതാവ് കെ.വി. തോമസും ഏതാനും ദിവസങ്ങളായി ഡല്‍ഹിയിലുണ്ട്. ചില മുതിര്‍ന്ന നേതാക്കളുമായി അദ്ദേഹം കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ച നടത്തി. എന്നാല്‍ ഫലമൊന്നും ഉണ്ടായില്ല. സംസ്ഥാനത്തെ തീരുമാനങ്ങള്‍ രാഹുല്‍ ഗാന്ധിക്കു വിട്ടിരിക്കുകയാണു സോണിയ ഗാന്ധി തോമസിനെ അറിയിച്ചെന്നും സൂചനയുണ്ട്. ഇതെല്ലാം ഐ ഗ്രൂപ്പിന് മാത്രം ഹൈക്കമാണ്ട് നല്‍കുന്ന പരിഗണനയ്ക്ക് തെളിവാണ്.
പ്രതിപക്ഷ നേതാവിനെ നിശ്ചയിച്ചതിലും സംഘടനാ പുനഃസംഘടനയിലും ഉമ്മന്‍ ചാണ്ടിയുടെ വാദമൊന്നും ആരും കേട്ടില്ല. കെപിസിസി അധ്യക്ഷനായ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഐ ഗ്രൂപ്പുകാരാണ്. മൂന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാര്‍ ഐ ഗ്രൂപ്പിന് പുറത്തുള്ളവരും. പിടി തോമസും ടി സിദ്ദിഖും എ ഗ്രൂപ്പുകാരാണ്. ഇതില്‍ പിടി തോമസിന് എ ഗ്രൂപ്പുമായി അടുത്ത ബന്ധമൊന്നുമില്ല. ആന്റണിയോടാണ് താല്‍പ്പര്യം. സിദ്ദിഖും കളമാറിയാണ് സ്ഥാനം നേടിയത്. മൂന്നാമത്തെ വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷും ആന്റണിയുടെ നോമിനിയാണ്. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും ഉമ്മന്‍ ചാണ്ടി അവഗണിക്കപ്പെട്ടു.
വിഷ്ണുനാഥിനെ വര്‍ക്കിങ് പ്രസിഡന്റാക്കാനായിരുന്നു ഉമ്മന്‍ ചാണ്ടിക്ക് താല്‍പ്പര്യം. അതും നടന്നില്ല. ഇത്തരത്തില്‍ തഴയപ്പെട്ടിട്ടും ഉമ്മന്‍ ചാണ്ടിയെ അനുനയിപ്പിക്കാന്‍ ഹൈക്കമാണ്ട് ഒന്നും ചെയ്തില്ല. വിശാല ഐ ഗ്രൂപ്പിന്റെ കെട്ടുറപ്പ് തകരാതിരിക്കാന്‍ ഹൈക്കമാണ്ട് ചെന്നിത്തലയേയും പരിഗണിക്കുന്നു. ഇതിന് പിന്നില്‍ കെസി വേണുഗോപാലാണെന്ന് ഉമ്മന്‍ ചാണ്ടി തിരിച്ചറിയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഉമ്മന്‍ ചാണ്ടി കടുത്ത നിലപാടുകളെക്കുറിച്ച് ആലോചിക്കുന്നത്. പുതുപ്പള്ളിയിലെ എംഎല്‍എയായി മാറാനാണ് ഉമ്മന്‍ ചാണ്ടിയുടെ ആഗ്രഹം.
പ്രതിപക്ഷനേതാവിനെ നിശ്ചയിക്കുന്നതിന് ഹൈക്കമാന്‍ഡ് അഭിപ്രായം തേടിയപ്പോള്‍ എ, ഐ ഗ്രൂപ്പ് നേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങള്‍ മറികടന്ന് യുവ എംഎല്‍എ.മാര്‍ അഭിപ്രായം പറഞ്ഞതുമായി ബന്ധപ്പെട്ട വിവാദം തുടരുകയാണ്. ഒപ്പമുണ്ടായിരുന്നവര്‍ തന്നെ അവസാനനിമിഷം തള്ളിപ്പറഞ്ഞുവെന്ന് കഴിഞ്ഞദിവസം ചെന്നിത്തല അഭിപ്രായപ്പെട്ടിരുന്നു. ഇതൊക്കെ രാഷ്ട്രീയത്തില്‍ സംഭവിക്കാവുന്നതാണെന്നും വിശ്വസിച്ചവര്‍ എപ്പോഴും ഒപ്പമുണ്ടാകണമെന്നില്ലെന്നും അവര്‍ക്കും അഭിപ്രായം ഉണ്ടാകാമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ഇതിന് മറുപടി നല്‍കിയിരുന്നു. ഇങ്ങനെ പറയുമ്പോഴും ചെന്നിത്തലയ്ക്കും ഐ ഗ്രൂപ്പിനും ഹൈക്കമാണ്ട് പരിഗണന നല്‍കുന്നുണ്ട്.
ഇതിനിടെ എ ഗ്രൂപ്പ് ടി. സിദ്ദിഖ്, ഷാഫി പറമ്പില്‍ എന്നിവരെ പരിപാടികളില്‍നിന്ന് ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചുവെന്ന തരത്തില്‍ പ്രചാരണമുണ്ടായി. കെ.സി. ജോസഫ് ഇതിനെതിരേ രംഗത്തുവന്നു. സിദ്ദിഖും ഷാഫിയും സമുന്നതരായ നേതാക്കന്മാരാണ്. കോണ്‍ഗ്രസില്‍നിന്ന് അത്തരമൊരു നിര്‍ദ്ദേശം ഒരു തട്ടിലുമുണ്ടായിട്ടില്ല. ഇത് നേതാക്കന്മാരെ അപമാനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും കെ.സി. ജോസഫ് പറഞ്ഞു. പ്രതിപക്ഷനേതാവിനെ സംബന്ധിച്ച ചര്‍ച്ചയില്‍ ഇരുവരും ഗ്രൂപ്പ് നിര്‍ദ്ദേശം ലംഘിച്ചുവെന്ന വാര്‍ത്തകളും ഉമ്മന്‍ ചാണ്ടിയെ അലോസരപ്പെടുത്തുന്നുണ്ട്.
ഇതിനിടെ സ്ഥാനമൊഴിഞ്ഞ കെപിസിസി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അര്‍ഹമായ സ്ഥാനം നല്‍കേണ്ടതാണെന്ന അഭിപ്രായവും ഉയരുന്നുണ്ട്. എന്നാല്‍ ചെന്നിത്തലയെ മാത്രമേ ഈ ഘട്ടത്തില്‍ ഹൈക്കമാണ്ട് പരിഗണിക്കുന്നുള്ളൂ.