ആലപ്പുഴ : അരൂരില്‍ ഷാനിമോള്‍ ഉസ്മാന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല. ചേര്‍ത്തലയിലും ആലപ്പുഴയിലും നല്‍കിയ സ്വീകരണത്തോടെ ഐശ്വര്യ കേരളയാത്ര ആലപ്പുഴയില്‍ നാല് നിയമസഭാ മണ്ഡലങ്ങള്‍ പിന്നിട്ടു. ഉദ്ഘാടകരായി നിശ്ചയിച്ച കെ.സി വേണുഗോപാലും മുല്ലപ്പള്ളി രാമചന്ദ്രനും ആദ്യദിനം എത്തിയില്ല.
ആദ്യദിനത്തിലെ അവസാന സമ്മേളനത്തിനു യാത്രനായകന്‍ എത്തിയത് രാത്രി പത്തേകാലിന്. ആലപ്പുഴ, അമ്പലപ്പുഴ മണ്ഡലങ്ങളില്‍ നിന്നായി എത്തിയ പ്രവര്‍ത്തകരില്‍ ഏറെപേരും സീറ്റൊഴിഞ്ഞു. എങ്കിലും ആവേശത്തിന് കുറവുണ്ടായില്ല. ആലപ്പുഴയില്‍ മുല്ലപ്പള്ളിക്ക് പകരം എം എം ഹസന്‍ ഉദ്ഘാടകനായി. ചേര്‍ത്തലയിലെയും അരൂരിലെയും സ്വീകരണങ്ങളാണ് ആദ്യം ഏറ്റുവാങ്ങിയത് . ഉപതെരഞ്ഞെടുപ്പിലൂടെ വിജയിച്ച ഷാനിമോള്‍ ഉസ്മാന്‍ തന്നെയാണ് അരൂരിലെ സ്ഥാനാര്‍ഥിയെന്ന് പ്രതിപക്ഷനേതാവ് പ്രഖ്യാപിച്ചു. അരൂരിന് മാത്രമായി ചില വാഗ്ദാനങ്ങളും.
ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനും എ കെ ആന്റണിയുടെ മകന്‍ അനില്‍ കെ ആന്റണിയും ആദ്യദിനത്തിലെ മൂന്നു സ്വീകരണയോഗങ്ങളിലും പങ്കെടുത്തു.