ഇടുക്കി : ഇത്തവണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പുതുവത്സരാഘോഷം ഇടുക്കിയിലെ ഇടമലക്കുടിയിൽ . പട്ടികജാതി – പട്ടിക വർഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി കെപിസിസി പ്രസിഡന്റായിരിക്കെ രൂപീകരിച്ച ഗാന്ധിഗ്രാം പദ്ധതിയുടെ ഭാഗമായായിരുന്നു രാജ്യത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലേക്കുള്ള ചെന്നിത്തലയുടെ യാത്ര.
മൂന്നാറിൽ നിന്നും 24 കിലോമീറ്റർ അകലെയുള്ള പെട്ടിമുടി വരെ ഔദ്യോഗിക വാഹനത്തിലും തുടർന്ന് തീർത്തും സഞ്ചാര യോഗ്യമല്ലാത്ത കാട്ടുപാതയിലൂടെ ഓഫ്‌റോഡ് ജീപ്പിലുമായിരുന്നു യാത്ര. നാലു മണിക്കൂർ നീണ്ട സാഹസിക യാത്ര അവസാനിച്ചത് ആദ്യ കുടികളിലൊന്നായ ഇഡലിപ്പാറയിൽ. പൂമാലയിട്ടും ആരതി ഉഴിഞ്ഞും ആദിവാസി സ്ത്രീകളും കുട്ടികളും നിറഞ്ഞ മനസോടെ ചെന്നിത്തലയ്ക്ക് സ്വീകരണം നൽകി . കുശലം പറഞ്ഞും സെല്‍ഫിയെടുത്തും ചെന്നിത്തല ആളുകളുടെ മനം കവർന്നു . കൈപിടിക്കാനെത്തിയ അമ്മമാരെയും മുതിര്‍ന്നവരെയും സ്നേഹത്തോടെ ചേര്‍ത്തുനിര്‍ത്തി
കുട്ടികള്‍ക്കൊപ്പം സെല്‍ഫിഎടുത്ത ചെന്നിത്തല സ്‌നേഹത്തിന്റെ മധുരം പകര്‍ന്ന് മിഠായികളും നല്‍കി. രണ്ടു കിലോമീറ്റര്‍ അകലെ സൊസൈറ്റിക്കുടിയിലെ സ്വീകരണപ്പന്തലിൽ 24 കുടികളില്‍ നിന്നുള്ള ആളുകള്‍ ചെന്നിത്തലയെ കാത്തുനിന്നു. ഗതാഗത സൗകര്യം , വീട്, ശുദ്ധജലം എന്നീ ആവശ്യങ്ങളായിരുന്നു ഊരു നിവാസികൾക്ക് ചെന്നിത്തലയോട് പറയാൻ ഉണ്ടായിരുന്നത് . പരിഭവങ്ങളും പരാതികളും ക്ഷമാപൂർവം കേട്ട ചെന്നിത്തല പരിഹാരം കണ്ടെത്താമെന്നു ഉറപ്പു നൽകി. കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ അവാര്‍ഡ് നേടിയ അശോകന്‍ മറയൂരിനെ രമേശ് ചെന്നിത്തല പൊന്നാട അണിയിച്ചു. സംസ്ഥാന കായികമേളയില്‍ പങ്കെടുത്ത ചന്ദന കുമാര്‍, ബിനു എന്നിവർക്കും അനുമോദനം നൽകി. ഇടമലക്കുടിയിലെ എല്‍പി സ്‌കൂളിന് കെട്ടിടം നിര്‍മ്മിക്കാന്‍ 66 ലക്ഷം രൂപ അനുവദിക്കാം എന്ന് ഒപ്പമുണ്ടായിരുന്ന ഡീന്‍ കുര്യാക്കോസ് എംപിയും ഉറപ്പു നല്‍കി. എന്‍ജിനീയറിങ്ങിനു പഠിക്കുന്ന ഗണപതി എന്ന വിദ്യാര്‍ത്ഥിക്ക് പഠനാവശ്യത്തിനായി ലാപ്‌ടോപും നല്‍കിയാണ് പ്രതിപക്ഷ നേതാവ് മടങ്ങിയത്.
ഈന്തപ്പനയോലകൾ കൊണ്ടു മറച്ച പന്തലില്‍ മുതുവാന്മാര്‍ക്കൊപ്പം മുളയരിപ്പായസം കുടിച്ചും ഊരില്‍ വിളഞ്ഞ പച്ചക്കറികള്‍ കൊണ്ട് തയ്യാറാക്കിയ സദ്യയും കഴിച്ചായിരുന്നു രമേശ് ചെന്നിത്തലയുടെ മടക്കം . പോകുമ്പോൾ എല്ലാവര്‍ക്കും ആശംസകള്‍ നേരാനും നേതാവ് മറന്നില്ല.