തിരുവനന്തപുരം : ഗവര്‍ണറെ പിന്‍വലിക്കണമെന്ന പ്രമേയ നോട്ടിസില്‍ ഉറച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സഭയെ അവഹേളിച്ച ഗവര്‍ണര്‍ക്കെതിരെ സഭാനേതാവായ മുഖ്യമന്ത്രി മിണ്ടുന്നില്ല. സഭയുടെ അന്തസ് കാക്കുന്നതില്‍ മുഖ്യമന്ത്രി പരാജയപ്പെട്ടതിനാലാണ് നോട്ടിസ് നല്‍കിയത്. സത്യത്തില്‍ താനായിരുന്നില്ല, മുഖ്യമന്ത്രിയായിരുന്നു പ്രമേയം കൊണ്ടുവരേണ്ടിയിരുന്നതെന്നും ചെന്നിത്തല പറഞ്ഞു. ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വാനോളം പുകഴ്ത്തുകയാണ്.
കേരളത്തിലെ ജനങ്ങളെയടക്കം അവഗണിക്കുന്ന ഗവര്‍ണര്‍ക്കെതിരെ എന്തുകൊണ്ടാണ് ഒന്നും പറയാത്തതെന്നും ചെന്നിത്തല ചോദിച്ചു. എംഎല്‍എമാര്‍ ഓടുപൊളിച്ച് വന്നവരല്ല, ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടവരാണ്. ഗവര്‍ണറെ പിന്‍വലിക്കണമെന്ന ആവശ്യത്തിന് ജനങ്ങളുടെ പിന്തുണയുണ്ട് . കലക്കവെള്ളത്തില്‍ മീന്‍പിടിക്കുന്നുവെന്ന എ.കെ.ബാലന്റെ പ്രസ്താവനയില്‍ പ്രതിഷേധമുണ്ട്. അത് വേദനിപ്പിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.