ന്യുഡല്‍ഹി : പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് അപമാനിച്ച് പടിയിറക്കിയതില്‍ രമേശ് ചെന്നിത്തല സോണിയാ ഗാന്ധിയ്ക്ക് അയച്ച കത്ത് പുറത്ത് വിട്ടത് കെ.സി വേണുഗോപാലാണെന്ന് ആരോപണം. എ-ഐ ഗ്രൂപ്പുകളുടെ അപ്രതീക്ഷിത ഐക്യം കേരളത്തില്‍ പിടിമുറുക്കാനുള്ള തന്റെ നീക്കങ്ങള്‍ക്ക് തടസ്സമാകുമെന്ന കണക്കു കൂട്ടലിലാണ് കെ.സി വേണുഗോപാല്‍. ഇത് തകര്‍ക്കാനാണ് ചെന്നിത്തലയുടെ കത്ത് ചോര്‍ത്തിയതെന്ന് ഐ ഗ്രൂപ്പ് പറയുന്നു.
കത്തിനെക്കുറിച്ച് ചെന്നിത്തലയ്ക്കും സോണയയ്ക്കും മാത്രം അറിയാവുന്ന കത്തിന്റെ ഉള്ളടക്കം ചോര്‍ത്തിയത് മറ്റാരുമാവില്ലെന്നാണ് ഗ്രൂപ്പുകളുടെ നിഗമനം. വിഡി സതീശനെ പ്രതിപക്ഷനേതാവായി കൊണ്ടു വന്നത് കെ.സി വേണുഗോപാലിന്റെ നീക്കമായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി കെപിസിസി അധ്യക്ഷനെ നിയമിക്കുന്നതിലും കെ.സിയുടെ സ്വാധീനം ഉണ്ടാവാന്‍ സാധ്യതയേറെയാണെന്ന് ഗ്രൂപ്പുകള്‍ക്ക് അറിയാം. ഇതാദ്യമായാണ് ഗ്രൂപ്പുകള്‍ ഹൈക്കമാന്റിനെതിരെ തിരിയുന്നത്. പാര്‍ട്ടിയില്‍ ഒന്നുമല്ലാതാകുന്ന അവസ്ഥ പ്രകടമായതിനെ തുടര്‍ന്നാണ് ഇരുഗ്രൂപ്പുകളും ഒരുമിച്ച് എതിര്‍ശബ്ദം ഉയര്‍ത്തിയത്. എന്നാല്‍ ഉമ്മന്‍ചാണ്ടിയെ തെരഞ്ഞെടുപ്പ് മേല്‍നോട്ടം ഏല്‍പ്പിച്ചതിനാല്‍ ഹിന്ദു വോട്ടുകള്‍ നഷ്ടമായി എന്ന് ചെന്നിത്തല സോണിയയ്ക്ക് അയച്ച കത്തില്‍ പറഞ്ഞുവെന്ന വാര്‍ത്ത പുറത്തായതോടെ എ-ഐ ഗ്രൂപ്പുകളുടെ ഒന്നിച്ചു മുന്നോട്ടുള്ള യാത്ര നിലച്ചു.
ചെന്നിത്തല അങ്ങനെ എഴുതിയിട്ടുണ്ടെങ്കില്‍ അതിന്റെ വിശദീകരണവും നല്‍കണമെന്ന് എ ഗ്രൂപ്പ് ആവശ്യപ്പെട്ടു. എന്നാല്‍ ചെന്നിത്തലയെ തകര്‍ക്കുന്നതിനുള്ള നീക്കം വളരെ നേരത്തെ തന്നെ കെ.സി വേണുഗോപാല്‍ തുടങ്ങിയിരുന്നു എന്ന് ഐ ഗ്രൂപ്പ് ആരോപിക്കുന്നു. വിഡി സതീശനെ നേത്യത്വത്തിലേയ്ക്കു കൊണ്ടു വരുന്നതിന് കോണ്‍ഗ്രസ്സിന്റെ സൈബര്‍ ഗ്രൂപ്പുകളില്‍ വ്യാജ അക്കൗണ്ടുകള്‍ വഴി പ്രചരണം നടത്തിയിരുന്നു. ചെന്നിത്തലയ്ക്കായി ഉമ്മന്‍ ചാണ്ടി ഹൈക്കമാന്റിനെ വിളിച്ചു. കെസി ജോസഫ് കെപിസിസി പ്രസിഡന്റാകും , ചെന്നിത്തല എംഎല്‍എ സ്ഥാനം രാജി വെയ്ക്കും എന്നിങ്ങനെ നിരവധി വ്യാജ വാര്‍ത്തകള്‍ കെസിയും കൂട്ടരും പ്രചരിപ്പിച്ചിരുന്നതായും ആരോപണം ശക്തമാണ്.