തിരുവനന്തപുരം: എല്ലാ അന്വേഷണങ്ങളും അട്ടിമറിക്കുന്നതിന് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കാലത്ത് നടത്തിയ പ്രഹസനത്തെയാണ് ഹൈക്കോടതി പൊളിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യഥാര്‍ത്ഥത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളും സംസ്ഥാന ഏജന്‍സികളും കള്ളനും പോലീസും കളിക്കുകയായിരുന്നു.
സിപിഎം – ബിജെപി ഒത്തു തീര്‍പ്പിന്റെ ഭാഗമായി ജനങ്ങളെ പറ്റിക്കുന്നതിനായിരുന്നു ആ കള്ളക്കളി. ഒരു അന്വേഷണവും നടക്കരുതെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ആഗ്രഹം. കേന്ദ്ര ഏജന്‍സികളും ബിജെപിയും അതിനോട് ചേര്‍ന്ന നിലപാടാണ് സ്വീകരിച്ചത്. കേസന്വേഷണങ്ങളെല്ലാം മരവിപ്പിച്ചു. യു.ഡി.എഫ് ഇത് ചൂണ്ടിക്കാട്ടുകയും തെരഞ്ഞെടുപ്പില്‍ അത് ചര്‍ച്ചായവുകയും ചെയ്തപ്പോഴാണ് അങ്ങനെയല്ലെന്ന് വരുത്തി തീര്‍ക്കാന്‍ ഇങ്ങനെയൊരു കള്ളക്കളിക്ക് സംസ്ഥാന സര്‍ക്കാര്‍ തയ്യാറായത്.
ഇ.ഡിക്കെതിരെ കേസെടുക്കാനാവില്ലെന്ന് അറിഞ്ഞു കൊണ്ടു തന്നെ തെരഞ്ഞെടുപ്പ് കാലത്ത് അത് ചെയ്തത് ജനങ്ങളെ പറ്റിക്കാനുള്ള രാഷ്ട്രീയ സ്റ്റണ്ട് ആയിരുന്നു. സി.ആര്‍.പി.സി അനുസരിച്ച് ഇ.ഡിക്കെതിരെ കേസെടുക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനില്ല. ഇത്തരം കള്ളക്കളികള്‍ കൊണ്ടൊന്നും പ്രയോജനമുണ്ടാവില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ബോദ്ധ്യമാവുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇ.ഡിക്കെതിരായ കേസുകള്‍ ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണമെന്ന പ്രഹസനം സര്‍ക്കാര്‍ തന്നെ പിന്‍വലിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.