തിരുവനന്തപുരം: പിണറായി വിജയന്റെ ഭരണത്തില്‍ സിപിഎം ശരശയ്യയിലാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടിക്കാണോ ഭരണത്തിനാണോ കൂടുതല്‍ ദുര്‍ഗന്ധമെന്ന കാര്യംമാത്രമാണ് സംശയമെന്നും ചെന്നിത്തല പരിഹസിച്ചു. സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും സമ്പൂര്‍ണ തകര്‍ച്ചയാണ് ജനം കാണുന്നത്. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന് രാജി പ്രഖ്യാപിക്കും എന്നാണ് ജനം കരുതിയത്. ഇന്നലെ മുഖ്യമന്ത്രി അവതരിപ്പിച്ചത് പ്രത്യേക തരം ക്യാപ്സൂള്‍ ആണ്.
ശിവശങ്കര്‍ കള്ളപ്പണ കേസില്‍ അഞ്ചാം പ്രതിയാണ്. ബിനീഷ് കോടിയേരി മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായി. ഭരണവും പാര്‍ട്ടിയും ട്രിപ്പ് ഇട്ട് കിടക്കുന്ന അവസ്ഥയാണ്. പിണറായി വിജയന്റെ ഭരണത്തില്‍ പാര്‍ട്ടി ഇന്ന് ശരശയ്യയിലാണ്.
ഒരു ഉദ്യോഗസ്ഥന്റെ തലയില്‍ എല്ലാം കെട്ടിവച്ച് രക്ഷപെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ലാവ്ലിനിലും പിണറായി ചെയ്തത് ഇത് തന്നെയാണ്. ഇഡിയുടെ റിപ്പോര്‍ട്ടില്‍ സ്വര്‍ണ്ണക്കടത്തിലെ ശിവശങ്കറിന്റെ സഹായം വ്യക്തമാണ്. ശിവശങ്കറിന്റെ സഹായം എന്നത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായമാണ്. ഇതില്‍ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തം ഇല്ലേ?. മുഖ്യമന്ത്രി തുടര്‍ച്ചയായി കള്ളം പറയുന്നു. മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാണ്. സ്പ്രിംഗ്ളര്‍, ബെവ്കോ, പമ്പ മണല്‍കടത്ത്, ഇ മൊബിലിറ്റി, ലൈഫ് മിഷന് അഴിമതികള്‍ എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ ശിവശങ്കര്‍ ചെയ്തതാണ്.
മുഖ്യമന്ത്രിക്കെതിരെയുള്ള യുദ്ധം യുഡിഎഫ് മുന്നോട്ട് കൊണ്ടുപോകും. എല്ലാ അഴിമതി ആരോപണങ്ങളിലും ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.