റാന്നി : കേരളത്തിലെ ജനം പിണറായി വിജയൻ്റെ അഴിമതിയിൽ മനം മടുത്ത് ഈ തെരഞ്ഞെടുപ്പിൽ യു ഡി എഫിന് വോട്ട് ചെയ്യുമെന്ന് തിരിച്ചറിഞ്ഞിട്ടാണ് അവസാന മണിക്കൂറിൽ മാസപടിയെക്കുറിച്ചും മുഖ്യമന്ത്രിയുടെ മകളുടെ അഴിമതിയെക്കുറിച്ചുമുള്ള പരാമർശം നരേന്ദ്ര മോഡി നടത്തിയതെന്ന് മാത്യു കുഴൽനടൻ. ഇതിന് മുമ്പുണ്ടായ സ്വർണ കടത്ത് കേസും ലൈഫ് മിഷൻ കേസും കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് മുൻപിൽ വന്നെങ്കിലും അപ്പോഴെലാം പിണറായി വിജയനെ സംരക്ഷിക്കുന്ന നിലപാടാണ് നരേന്ദ്ര മോഡി സ്വീകരിച്ചിട്ടുള്ളത്. ഈ രണ്ട് കേസുകളിലും എന്ത് നടപടി എടുത്തു എന്ന് വ്യക്തമാക്കിയിട്ട് വേണം മാസപടിയേക്കുറിച്ച് നരേന്ദ്രമോഡി ഗീർവാണം മുഴക്കാൻ. ഈ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ തരംഗം സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കു എതിരെയുള്ള വികാരമാണെന്ന് തിരിച്ചറിഞ്ഞ് അതിന്റെ പങ്ക് പറ്റാനുള്ള ശ്രമമാണ് ബി ജെ പിയും നരേന്ദ്രമോഡിയും നടത്തുന്ന തെന്നും കുഴൽ നാടൻ പറഞ്ഞു. മോഡിയുടെ കാരുണ്യത്തിൽ മാത്രം മുഖ്യമന്ത്രി സ്ഥാനം തുടരുന്നയാളാണ് പിണറായി വിജയൻ. ഇത് ഏറ്റവും നന്നായി അറിയുന്നയാളാണ് നരേന്ദ്ര മോഡി. വോട്ടിന് വേണ്ടി മാത്രം പൊതുയോഗ പ്രസംഗങ്ങൾ കൊണ്ട് ജനങ്ങളെ കബളിപ്പിക്കാൻ ആവില്ലെന്നും കുഴൽനാടൻ പറഞ്ഞു.
കേരളത്തിൽ നടക്കുന്ന കൊലപാതകങ്ങളിൽ കൊന്നവന്റെയോ കൊല്ലിച്ചവരുടെയോ പട്ടികയിൽ സി. പി. എം.കാരൻ ഉറപ്പാണ്. കലാലയങ്ങളിൽ മയക്കു മരുന്ന് മാഫിയ എസ്. എഫ്. ഐ. നേതൃത്വത്തിൽ അരങ്ങ് തകർക്കുന്നതിന്റെ അവസാന ഉദാഹരണമാണ് സിദ്ധാർത്ഥിന്റെ കൊലപാതകം. കേരള ചരിത്രത്തിൽ ഒരു മുഖ്യമന്ത്രിയും കാണിക്കാത്ത അഴിമതിയാണ് പിണറായി വിജയൻ നടത്തി കൊണ്ടിരിക്കുന്നത്. സ്വന്തം മകളുടെ സാമ്പത്തിക ലാഭത്തിന് വേണ്ടി അധികാര ലംഘനം നടത്തിയ ഇതുപോലൊരു ഒരു കമ്മ്യുണിസ്റ്റ് ഭരണ തലവൻ ലോക ചരിത്രത്തിലില്ല. യു. ഡി. എഫ്. സ്ഥാനാർഥി ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഐ. എൻ. ടി. യു. സി. മഹിളാ വിഭാഗം റാന്നിയിൽ നടത്തിയ വിട്ടുമുറ്റം സംവാദം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹിളാ വിഭാഗം പ്രസിഡണ്ട് ജസ്സി അലക്സ് അധ്യക്ഷത വഹിച്ചു. ഐ. എൻ. ടി. യു. സി. ജില്ലാ പ്രസിഡണ്ട് ജ്യോതിഷ് കുമാർ മലയാലപ്പുഴ മോഡറെറ്ററായിരുന്നു. പഴകുളം മധു, റിങ്കു ചെറിയാൻ, എ സുരേഷ് കുമാർ, അനിൽ തോമസ്, എലിസബത്ത് അബു, ബീന ജോബി, അനിത അനിൽകുമാർ, ബിന്ദു ഭാസ്കരൻ, രമ ദേവപാൽ, പി കെ ഗോപി, പി കെ ഇഖ്ബാൽ, ഗ്രേഡ്ഡി തോമസ്, ഉഷ തോമസ്, ശാന്തമ അനിൽകുമാർ, സുരേഷ് കുഴിവേലിൽ, അജിത് മണ്ണിൽ എന്നിവർ പ്രസംഗിച്ചു.