റാന്നി : പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയിലെ ചെത്തോങ്കര വലിയതോടിന്റെ വീതി കൂട്ടുന്നതിലെ വീഴ്ചയുടെ പേരിൽ സമരത്തിനൊരുങ്ങി യുഡിഎഫ് റാന്നി നിയോജകമണ്ഡലം കമ്മിറ്റി. വലിയ തോട് വീതി കൂട്ടുന്നതിന്‍റെ പേരില്‍ വൻ അഴിമതിക്ക് കളമൊരുങ്ങുകയാണെന്ന ആരോപണവും യുഡിഎഫ് നേതൃയോഗം ഉന്നയിച്ചു. തോടിന്റെ വീതി കൂട്ടുന്നതിന് 20 വർഷം മുൻപ് ഭൂമി ഏറ്റെടുത്ത് ഉടമകൾക്ക് പണം നൽകിയതാണെന്ന് യു.ഡി.എഫ് ആരോപിക്കുന്നു.
ഏതാനും മാസങ്ങൾക്കു മുൻപ് തോടിന്റെ വീതി 1.5 മീറ്റർ കൂട്ടുമെന്ന് എംഎൽഎ അറിയിച്ചതാണ്.കിലോമീറ്ററിന് 10 കോടി രൂപ വീതം ചെലവഴിച്ച് പണി നടത്തുന്ന റോഡിൽ തോടിന് വീതി കൂട്ടാൻ ഇനിയും ഫണ്ട് അനുവദിക്കണമെന്ന് പറയുന്നത് അഴിമതിക്കു വേണ്ടിയാണെന്ന് യോഗം കുറ്റപ്പെടുത്തി. കാലവർഷ കെടുതിയിൽ നാശം നേരിട്ട റോഡുകൾ നന്നാക്കുന്നതിന് കഴിഞ്ഞ സർക്കാർ 2 കോടി രൂപ അനുവദിച്ചിരുന്നു.
എംഎൽഎയുടെ ഇടപെടലിനെ തുടർന്ന് ഇത് 1.72 കോടിവായി കുറഞ്ഞു. സംസ്ഥാന പാതയുടെ നിർമ്മാണത്തിലെ അഴിമതികൾ ചൂണ്ടിക്കാട്ടി സമരം ആരംഭിക്കാൻ യോഗം തീരുമാനിച്ചു. സജി നെല്ലുവേലിൽ അധ്യക്ഷത വഹിച്ചു. റിങ്കു ചെറിയാൻ, പ്രകാശ് തോമസ്, സനോജ് മേമന, സമദ് മേപ്രത്ത്, ടി.കെ.സാജു, അജു വളഞ്ഞൻതുരുത്തിൽ എന്നിവർ പ്രസംഗിച്ചു.