കോഴിക്കോട് : കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ നിന്നും പഴകിയ 650 കിലോ കോഴി ഇറച്ചി പിടികൂടി. ന്യൂഡല്‍ഹില്‍ നിന്നും പാര്‍സലായി കോഴിക്കോട്ടേക്ക് എത്തിച്ച ഇറച്ചി നാല് ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. ഇന്ന് രാവിലെ അഞ്ചുമണിക്കാണ് ദില്ലിയില്‍ നിന്നുള്ള നിസാമുദ്ദീന്‍ മംഗള സൂപ്പര്‍ ഫാസ്റ്റ് എക്സ് പ്രസ്സില്‍ പാര്‍സലായി കോഴി ഇറച്ചി എത്തിയത്.
പെട്ടിയില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പഴകിയ കോഴി ഇറച്ചി ആണെന്ന് വ്യക്തമായത്. പാര്‍സല്‍ സ്വീകരിക്കാന്‍ ആള്‍ എത്തിയതുമില്ല. വിവരമറിയിച്ചതിനെ തുടര്‍ന്ന് കോര്‍പ്പറേഷന്റെ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുമെത്തി. വിശദ പരിശോധനയ്ക്കായി ഇറച്ചിയുടെ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. നഗരത്തിലെ ഹോട്ടലുകളില്‍ ഷവര്‍മ അടക്കമുള്ള ആഹാര സാധനങ്ങളുണ്ടാക്കാനായി എത്തിച്ചതാണെന്നാണ് സൂചന. ഇറച്ചി ആര്‍ക്കുവേണ്ടി കൊണ്ടുവന്നതാണെന്ന അന്വേഷണം തുടങ്ങിയതായി ഫുഡ്‌സേഫ്റ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു.