ദില്ലി : പാലാ ബിഷപ്പിന്‍റെ നാര്‍ക്കോട്ടിക്ക് ജിഹാദിനെ പിന്തുണച്ച് വി മുരളീധരന്‍. അപ്രിയ സത്യം പറഞ്ഞവരെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ജിഹാദികളുടെ വക്താക്കളായെന്നും മുരളീധരന്‍ പറഞ്ഞു. ജോസഫ് മാഷിന്‍റെ കൈവെട്ടിയ കാലംകഴിഞ്ഞു. ജിഹാദികളെ പിന്തുണയ്ക്കുന്നവർ അത് മനസ്സിലാക്കണം. കേരളത്തിൽ നാര്‍ക്കോട്ടിക്ക് ജിഹാദ് ഉണ്ടോയെന്ന് കേന്ദ്രസർക്കാരിന് അറിവുണ്ടോയെന്ന് അന്വേഷിച്ച് പറയാമെന്നും മുരളീധരൻ പറഞ്ഞു.
അതേസമയം നാർക്കോട്ടിക് ജിഹാദ് സംഘപരിവാർ അജണ്ടയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. ക്രൈസ്തവ, മുസ്ലിം വിഭാഗങ്ങളെ അകറ്റുകയാണ് ലക്ഷ്യമെന്നും കുഴപ്പം ഉണ്ടാക്കാൻ മാത്രമായി വന്നിരിക്കുന്ന ചില ആളുകൾക്ക് അവസരം നൽകരുതെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.
സമൂഹത്തെ ഭിന്നിപ്പിക്കുന്ന തലത്തിലേക്ക് വിഷയം വളർത്തരുത്. കേരളത്തിൽ സമുദായ സംഘർഷം ഉണ്ടാകാതെ നോക്കണം. സമുദായ മൈത്രി നിലനിൽക്കണം എന്നാണ് ആഗ്രഹിക്കുന്നത്. അനാവശ്യമായ അഭിപ്രായ പ്രകടനങ്ങൾ നന്നല്ലെന്ന് വിശദീകരിച്ച സതീശൻ മുഖ്യധാരാ രാഷ്ട്രീയ പാട്ടികളും മാധ്യമങ്ങളും പ്രശ്നം വഷളാകാതെ നോക്കണമെന്നും നിർദ്ദേശിച്ചു.