തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി വി.ഡി സതീശൻ. കേരളത്തിൽ പ്രതിദിനം ഉയർന്നുവരുന്ന കാൻസർ രോഗികളുടെ എണ്ണം വലിയ ആശങ്ക സൃഷ്ടിക്കുകയാണെന്നും രോഗബാധിതരായി സാമ്പത്തികമായും മാനസികമായും തളരുന്ന കുടുംബങ്ങളെ ചേർത്തുപിടിക്കാൻ സർക്കാരിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ പ്രഖ്യാപിച്ചു. സ്വസ്തി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ‘നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി’ (നിപ്പോ) പ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിൽ ഏറ്റവും കൂടുതൽ ഗവേഷണങ്ങൾ നടക്കുന്നത് ആരോഗ്യരംഗത്താണെന്നും ഭാവിയിൽ കാൻസർ എന്ന മഹാമാരിയെ പൂർണ്ണമായി ചെറുത്തുതോൽപ്പിക്കാൻ ശാസ്ത്ര പുരോഗതിയിലൂടെ നമുക്ക് സാധിക്കുമെന്നും മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
പി.എച്ച്. കുര്യൻ ഐ.എ.എസ് സ്മരണാർത്ഥം പൊഴിയൂർ മുതൽ കാസർഗോഡ് വരെയുള്ള തീരദേശ മേഖലകളിൽ നടപ്പിലാക്കുന്ന ‘സ്നേഹതീരം’ ഉൾപ്പെടെയുള്ള 5 പുതിയ കാൻസർ പ്രതിരോധ പദ്ധതികൾക്കും ചടങ്ങിൽ തുടക്കം കുറിച്ചു. ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ, രോഗനിർണ്ണയം മുൻകൂട്ടി നടത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. അന്യസംസ്ഥാനങ്ങളിലുള്ള അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ലഭ്യമാക്കണമെന്ന് ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രി സി.പി. ജോൺ അഭിപ്രായപ്പെട്ടു. കാൻസർ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നഗരസഭയുടെ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി മേയർ വി.വി. രാജേഷ് അറിയിച്ചു.
തുടർന്ന് നടന്ന ‘റീറൈറ്റ് ദി കാൻസർ സ്റ്റോറി’ പദ്ധതിയുടെ ഉദ്ഘാടനം കല്യാൺ ഗ്രൂപ്പ് സ്ഥാപകൻ ടി.എസ്. കല്യാണരാമൻ നിർവ്വഹിച്ചു. കാൻസർ എന്ന രോഗം നിർധന-സമ്പന്ന വ്യത്യാസമില്ലാതെ കുടുംബങ്ങളെ തകർക്കുന്നുവെന്നും അഞ്ച് ലക്ഷത്തിലധികം ആളുകളിലേക്ക് കാൻസർ നിർണ്ണയ സൗകര്യങ്ങളെത്തിച്ച സ്വസ്തി ഫൗണ്ടേഷന്റെ സേവനം ചരിത്രപരമാണെന്നും അദ്ദേഹം പറഞ്ഞു. ചികിത്സയുടെ താങ്ങാനാകാത്ത ചെലവിനെ മറികടക്കുകയാണ് ഏറ്റവും വലിയ വെല്ലുവിളിയെന്ന് കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ വ്യക്തമാക്കി. പദ്ധതിക്ക് ചാണ്ടി ഉമ്മൻ എം.എൽ.എ ,സ്വസ്തി ഫൗണ്ടേഷന്റെ സ്വപ്ന പദ്ധതിയായ ആശുപത്രി നിർമ്മാണത്തിനായി സ്ഥലം വിട്ടുനൽകാമെന്ന് ശിവജി ഗ്രൂപ്പ് ചെയർമാൻ ശിവജി ജഗന്നാഥൻ പ്രഖ്യാപിച്ചു.
ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറിയും ഫൗണ്ടേഷൻ ഉപദേശക സമിതി അംഗവുമായ ഡോ. ജിജി തോംസൺ ഐ.എ.എസ്, ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ, സ്വസ്തി ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എബി ജോർജ്, നിംസ് മൈക്രോ ഹോസ്പിറ്റൽസ് സി . ഇ . ഒ ഫാത്തിമ മിസാജ്,ഡോ. കെ. ചന്ദ്രമോഹൻ, ഡോ. ആർ. സി. ശ്രീകുമാർ, മർക്കോസ് എബ്രഹാം, തോമസ് ഫിലിപ്പ്, ഫ്ലമി എബ്രഹാം, ഡോ. എ. പി. പ്രേം ലാൽ, നിംസ് മെഡിസിറ്റി മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. മഞ്ജുതമ്പി , വിവേക് രാമദേവൻ, ഫാ.അലക്സാണ്ടർ കൂടാരത്തിൽ,ഡോ സന്ധ്യ,ഡോ. കെ . മനോജൻ ,ഡോ. ഷീജാ മനോജ്,ഡോ അനുപമ ശ്രീകുമാർ,എസ്.യു.ടി ഗ്രൂപ്പ് സി.ഇ.ഒ രാജീവ് മണ്ണാലി, സലാം എം.ഡി ഡോ. മുസമ്മിൽ എ., ട്രാവൻകൂർ മെഡിസിൻ ഡയറക്ടർ ഡോ. മുഹമ്മദ് ഫൈസൽ, ഡോ. ജി. വി. ഹരി,മറ്റ് പ്രമുഖ ആശുപത്രി പ്രതിനിധികൾ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്തു. അഡ്വ. അമ്പിളി ജേക്കബ് നന്ദി രേഖപ്പെടുത്തി.































