കോന്നി : റാന്നി ഫോറസ്റ്റ് ഡിവിഷനിലെ ഗ്രൂഡിക്കൽ റേഞ്ച് ആങ്ങമൂഴി വനാതിർത്തിയിൽ കിളിയെറിഞ്ഞാൻ കല്ല് ചെക്ക് പോസ്റ്റിന് സമീപം കൂട്ടം തെറ്റി ജനവാസ മേഖലയിൽ കണ്ടെത്തിയ കുട്ടികൊമ്പനെ കോന്നി ആനത്താവളത്തിൽ എത്തിക്കുവാൻ തീരുമാനിച്ചു. ആങ്ങമൂഴി വനമേഖലയിൽ ആഗസ്റ്റ് 19ന് കൂട്ടത്തിൽ നിന്ന് ഒറ്റപ്പെട്ട് കണ്ടെത്തിയ ഈ കുട്ടികൊമ്പനെ ആനകൂട്ടത്തിനൊപ്പം കാടുകയറ്റി വിടാനായിരുന്നു ആദ്യ ശ്രമം. ഇതിനായി വനമേഖലയിൽ കൂടൊരുക്കി നാല് ദിവസം കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഇതിനെ പത്തനംതിട്ട വലിയകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റി.
കുട്ടികൊമ്പനെ കോന്നി ആനത്താവളത്തിലേക്ക് മാറ്റുന്നത് സംബന്ധിച്ച് വനംവകുപ്പ് അധികൃതർ ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയതിനെ തുടർന്ന് കോന്നി ആനത്താവളത്തിലേക്ക് മാറ്റാന്‍ വകുപ്പ് തല തീരുമാനം കൈകൊണ്ടത്. എന്നാൽ കോന്നി ആനത്താവളത്തിൽ മുന്‍ വർഷങ്ങളില്‍ ആനകുട്ടികൾ ചരിഞ്ഞത് സംബന്ധിച്ചും ആക്ഷേപങ്ങൾ ഉയർന്നിരുന്നു. ഏഴ് വർഷത്തിനുള്ളിൽ വിവിധ കാരണങ്ങളാൽ നാല് ആനകൾ കോന്നി ആനത്താവളത്തിൽ ചരിഞ്ഞിരുന്നു. 2015 ൽ ലക്ഷ്മി 2020 ൽ പിഞ്ചു എന്നീ കുട്ടിയാനകളും മുതിർന്ന ആന മണിയനും ചരിഞ്ഞിരുന്നു. ലക്ഷ്മിയും അമ്മുവും ഒഴികെ ബാക്കി ആനകളെല്ലാം ശാരീരിക വൈകല്യങ്ങൾ ബാധിച്ചിരുന്നു. അമ്മുവും ലക്ഷ്മിയും ഹെർപ്പിസ് രോഗബാധയെ തുടർന്നാണ് ചരിഞ്ഞത്.