കോഴിക്കോട്: ഒന്നില്‍ കൂടുതല്‍ തവണ ബിരുദവും ബിരുദാനന്തര ബിരുദവും ചെയ്യാനുള്ള വിദ്യാര്‍ത്ഥികളുടെ അവകാശം ലംഘിക്കാന്‍ പാടില്ലെന്ന് യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം. താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ യുവജന കമ്മീഷന്‍ ജില്ലാ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. സര്‍വകലാശാല റജിസ്ട്രാറില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
ബിരുദവും ബിരുദാനന്തര ബിരുദവും ഒരു വിദ്യാര്‍ഥിക്ക് ആവര്‍ത്തിച്ച് ചെയ്യാന്‍ കഴിയില്ലെന്ന സര്‍വകലാശാലയുടെ അക്കാദമിക് കൗണ്‍സില്‍ നിബന്ധന വിദ്യാര്‍ത്ഥികളുടെ പഠിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നതായി യുവജന കമ്മീഷന്‍ വിലയിരുത്തി. കേരളത്തില്‍ മറ്റ് സര്‍വകലാശാലകളില്‍ ഇത്തരം നിയമമുണ്ടോ എന്ന കാര്യവും എത് സാഹചര്യത്തില്‍ അക്കാദമിക് കൗണ്‍സില്‍ ഇത്തരം തീരുമാനമെടുത്തു എന്നതും വിശദമായി പരിശോധിക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു.
ഒന്നില്‍ കൂടുതല്‍ തവണ ബിരുദവും ബിരുദാനന്തര ബിരുദവും ചെയ്യാന്‍ കഴിയില്ലെന്ന കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല നിയമത്തിനെതിരെ ആരതി അനീഷ് എന്ന വിദ്യാര്‍ഥിനി കമ്മീഷനു നല്‍കിയ പരാതി പരിഗണിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.