പത്തനംതിട്ട : ചിറ്റാറിലെ ഫാം ഉടമ മത്തായിയുടെ മരണത്തിന് ഉത്തരവാദികളായ വനം വകുപ്പ് ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്നും മാറ്റി നിർത്തി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. വനംവകുപ്പ് കസ്റ്റഡിയിലിരിക്കെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് പത്തനംതിട്ട കുടപ്പന സ്വദേശിയായ മത്തായിയുടെ മരണം . മരണത്തിലെ പിന്നിലെ ദുരുഹത നീക്കണമെന്നും ഇതിന് കാരണക്കാരായ ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതുകൊണ്ടു മാത്രം ഈ ഒറ്റപ്പെട്ട സംഭവത്തിന് പരിഹാരമാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ ഉദ്യോഗസ്ഥരെയും സർവീസിൽ നിന്നും മാറ്റി നിർത്തിയുള്ള അന്വേഷണമാണ് വേണ്ടത് . അതോടൊപ്പം മത്തായിയുടെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം ഉറപ്പുവരുത്തണമെന്നും ഭാര്യ ഷീബയ്ക്ക് ജോലി നല്കുണമെന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെടുന്നു.
സർക്കാർ ഭാഗത്തു നിന്നും നിയമപരമായ പിന്തുണ ലഭിക്കുന്നതു വരെ മത്തായിയുടെ മൃതദേഹം സംസ്കരിക്കില്ലെന്ന നിലപാടിൽ ഇപ്പോഴും ഉറച്ചു നിൽക്കുകയാണ് ബന്ധുക്കൾ . റാന്നിയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം.