പത്തനംതിട്ട : ചിറ്റാറിലെ പി.പി. മത്തായിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ വനപാലകരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയുടെ പരിഗണനക്കെത്തും. ചിറ്റാർ ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരായിരുന്ന ആറുപേരാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.
മത്തായിയുടെ മരണവുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥരായ ആറുപേരും കോടതിയെ സമീപിച്ചിട്ടുള്ളത്. കേസ് സിബിഐ ഏറ്റെടുത്തതിനുശേഷം ഇതാദ്യമായാണ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ വരുന്നത്. നേരത്തെ വനപാലകരിലൊരാൾ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും മത്തായിയുടെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണം സിബിഐയ്ക്കു കൈമാറാൻ കോടതി ഉത്തരവാകുകയായിരുന്നു. വനപാലകരുടെ മുൻകൂർ ജാമ്യാപേക്ഷയെ സിബിഐ എതിർക്കുമെന്നാണ് സൂചന. കഴിഞ്ഞ ജൂലൈ 28ന് ചിറ്റാറിലെ വനപാലകർ കസ്റ്റഡിയിലെടുത്ത മത്തായിയെ പിന്നീട് മരിച്ചനിലയിൽ കുടുംബവീടിനോടു ചേർന്ന കിണറ്റിൽ കണ്ടെത്തുകയായിരുന്നു. 41 ദിവസം മോർച്ചറിയിൽ സൂക്ഷിച്ച് സിബിഐ അന്വേഷണത്തിന്റെ ഭാഗമായ പോസ്റ്റ്മോർട്ടത്തിനുശേഷമാണ് മൃതദേഹം സംസ്കരിച്ചത്.
അന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐ സംഘം ഇതിനോടകം ചിറ്റാർ മേഖലയിൽ വിവരശേഖരണം നടത്തിവരികയാണ്. കേസിൽ അന്വേഷണം നടത്തിയ പോലീസ് സംഘത്തിന്റെ കണ്ടെത്തലുകൾ ഉൾപ്പെടെ വിശദമായ റിപ്പോർട്ടും സിബിഐയ്ക്കും കൈമാറിയിരുന്നു.