തൃശ്ശൂര്‍; ചൈനയില്‍ രൂപം കൊണ്ട കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തും ജാഗ്രത തുടരുന്നു. തൃശ്ശൂരില്‍ ഏഴ് പേര്‍ നിരീക്ഷണത്തിലാണ്. കൊറോണ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നെത്തിയ ഏഴ് പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ഡിഎംഒ അറിയിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് നിരീക്ഷണം നടക്കുന്നത്. അതേസമയം ചൈനയില്‍ നിന്ന് തിരിച്ചെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കോട്ടയത്തും നിരീക്ഷണത്തിലാണ്. ചൈനയില്‍ കൊറോണ വൈറസ് ആദ്യം സ്ഥിരീകരിച്ച വുഹാനില്‍ നിന്ന് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ് നിരീക്ഷണത്തിലുള്ളത്.
കൊറോണ രോഗം ഒരു രോഗിയില്‍ നിന്നും രണ്ടോ അതിലധികമോ ആളുകള്‍ക്ക് പകരാന്‍ സാധ്യതയുണ്ടെന്നാണ് ഡബ്ലിയുഎച്ച്‌ഒ പറയുന്നത്. എന്നാല്‍ സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒട്ടകങ്ങളില്‍ നിന്നും വവ്വാലുകളില്‍ നിന്നും രോഗം പകരും. രോഗം ബാധിച്ചവരില്‍ നിന്നും രോഗം പകരുമെന്നും വിദഗ്ധര്‍ പറയുന്നു. അതേസമയം വൈറസ് പടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും പ്രത്യേക ആരോഗ്യപരിശോധന തുടങ്ങിയിട്ടുണ്ട്. വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ചൈനയിലായിരുന്നുവെങ്കിലും പിന്നീട് ജപ്പാന്‍ തായ്‌ലാന്‍ഡ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലും സമാനമായ കേസുകള്‍ കണ്ടെത്തി.