ചോറ്റാനിക്കര: സർക്കാർ മാതൃക ഹോമിയോ ഡിസ്പെൻസറിക്ക് ഉന്നത ഗുണനിലവാര അംഗീകാര പ്രവർത്തനങ്ങളുടെ ഭാഗമായി എൻഎബിഎച്ച് എൻട്രി ലെവൽ ദേശീയ അംഗീകാരം ലഭിച്ചു. തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടന്ന ചടങ്ങിൽ ആരോഗ്യ കുടുംബക്ഷേമ മാതൃ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജിൽ നിന്നും ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പുഷ്പ പ്രദീപ്, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ രജനി മനോഷ്, വാർഡ് മെമ്പർ പി വി പൗലോസ് എന്നിവരും ഡിസ്പെൻസറി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. വി എസ് സജിതയും ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.
ആരോഗ്യ സ്ഥാപനങ്ങള്‍ വിവിധ ഗുണമേന്മാ മാനദന്ധങ്ങള്‍ കൈവരിക്കുന്നതിന്റെ പൊതു അംഗീകാരമാണ് എന്‍.എ.ബി.എച്ച്. ആക്രഡിറ്റേഷനിലൂടെ ലഭിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനം, രോഗീസൗഹൃദം, രോഗീ സുരക്ഷ, ഔഷധ ഗുണമേന്മ, അണുബാധ നിയന്ത്രണം എന്നിവയുള്‍പ്പെടെയുള്ള സേവന നിലവാരങ്ങളുടെ വിലയിരുത്തലുകളെ തുടര്‍ന്നാണ് എന്‍.എ.ബി.എച്ച്. അംഗീകാരം ലഭ്യമാകുന്നത്. നൂതന വിവര സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിയ ചികിത്സാ സംവിധാനങ്ങൾ, സൗജന്യ യോഗപരിശീലനം, രക്തപരിശോധനകൾ, ഔഷധ സസ്യത്തോട്ടം, ഓൺലൈൻ ഒ.പി. മാനേജ്മെന്റ് സിസ്റ്റം സാന്ത്വന പരിചരണം, ഗൃഹസന്ദർശനം, മെഡിക്കൽ ക്യാമ്പ്, ബോധവൽക്കരണ ക്ലാസ്സുകൾ തുടങ്ങിയ സാമൂഹിക ആരോഗ്യ പ്രവർത്തനങ്ങൾ ചോറ്റാനിക്കര ഡിസ്‌പെൻസറി നടത്തിവരുന്നു.