കണ്ണൂര്‍ : പള്ളിക്ക് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. ശ്രീകണ്ഠപുരം അലക്സ് നഗര്‍ സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിലെ കുരിശുകള്‍ ആണ് അജ്ഞാത സംഘം തകര്‍ത്തത്. കല്ലറകളില്‍ സ്ഥാപിച്ച 12 കുരിശുകളാണ് തകര്‍ത്തത്. എട്ട് കുരിശുകള്‍ പിഴുത് മാറ്റുകയും നാലെണ്ണം തകര്‍ത്ത നിലയിലുമാണുള്ളത്. മരത്തിലും ഗ്രാനൈറ്റിലും സ്ഥാപിച്ച കുരിശുകളാണ് നശിപ്പിക്കപ്പെട്ടത്.
പുലര്‍ച്ചെ കുര്‍ബാനയ്ക്ക് ശേഷം സെമിത്തേരിയില്‍ പ്രാര്‍ഥനയ്ക്കെത്തിയ വിശ്വാസികളാണ് കുരിശുകള്‍ തകര്‍ത്തതായി കണ്ടത്. ഇടവക വികാരി ഫാ. കുര്യന് ചൂഴികുന്നേലിന്റെയും ട്രസ്റ്റിമാരുടെയും പരാതിയില്‍ പോലീസ് കേസെടുത്തു. ദേവാലയത്തിന് 50 മീറ്ററോളം അകലെയാണ് സെമിത്തേരി സ്ഥിതി ചെയ്യുന്നത്. അലക്സ് നഗര്‍ ടൗണിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്. ശ്രീകണ്ഠപുരം സിഐ ഇ.പി. സുരേശന്, എസ്ഐ സുബീഷ് മോന് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.