തിരുവനന്തപുരം : കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച സിനിമാ ഷൂട്ടിംഗ് പുന:രാരംഭിച്ചു. ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് ഇപ്പോള്‍ ചിത്രീകരണംആരംഭിച്ചിരിക്കുന്നത്. മിനി സംവിധാനം ചെയ്യുന്ന ‘ഡൈവോഴ്‌സ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗാണ് ഇപ്പോള്‍ നടക്കുന്നത്.
വനിതാ സംവിധായകരെ പ്രോത്സാഹിപ്പിക്കാനായി ഒരാള്‍ക്ക് ഒന്നരക്കോടി രൂപ വീതമാണു സര്‍ക്കാര്‍ നല്‍കുന്നത്. ഇതിനായി എഴുപതോളം തിരക്കഥകള്‍ ലഭിച്ചു. അതില്‍ നിന്നു 2 പേരെ തിരഞ്ഞെടുക്കുകയായിരുന്നു. നടന്‍ പി.ശ്രീകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആദ്യ ദിവസങ്ങളില്‍ ക്യാമറയ്ക്കു മുന്നിലെത്തി.
ചിത്രാഞ്ജലിക്കുള്ളിലും പുറത്തുമായി ചിത്രീകരണം പൂര്‍ത്തിയാകും. താരാ രാമാനുജത്തിന്റെ ‘നിഷിധോ’ ആണു രണ്ടാമത്തെ സിനിമ. അതിന്റെ ചിത്രീകരണം തുടങ്ങിയിട്ടില്ല. 2 വനിതാ സംവിധായകരെയും പട്ടിക വിഭാഗത്തില്‍പ്പെട്ട 2 സംവിധായകരെയും കൂടി തിരഞ്ഞെടുക്കാന്‍ അപേക്ഷ ക്ഷണിക്കുമെന്നു ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍.കരുണ്‍ പറഞ്ഞു.