കൊച്ചി : എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെതിരെ സംസ്ഥാനസർക്കാരിന്‍റെ നിർദേശപ്രകാരം ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്ത രണ്ട് എഫ്ആഐആറുകളും റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ പോകുന്ന കാര്യം സംസ്ഥാനസർക്കാർ പരിഗണിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് നിയമവിദഗ്ധരുമായി സർക്കാർ ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. കേസിൽ പരാതിക്കാർക്ക് എന്തെങ്കിലും ഇനിയും പരാതിയുണ്ടെങ്കിൽ ക്രൈംബ്രാഞ്ച് ശേഖരിച്ച വിവരങ്ങൾ പരിശോധിച്ച് വിചാരണക്കോടതിക്ക് തീരുമാനമെടുക്കാമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാൽ വിചാരണക്കോടതി എന്ത് തീരുമാനിക്കുമെന്നതിൽ സർക്കാരിന് ആശങ്കയുണ്ട്. ഈ സാഹചര്യത്തിലാണ് അപ്പീൽ പോകുന്ന കാര്യം സർക്കാർ ആലോചിക്കുന്നത്.
എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെതിരെ രണ്ട് എഫ്ഐആറുകളാണ് ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്തിരുന്നത്. ഒന്ന് സ്വപ്ന സുരേഷിന്‍റെ മാധ്യമങ്ങളിലൂടെ പുറത്തുവന്ന ശബ്ദരേഖയുമായി ബന്ധപ്പെട്ടതായിരുന്നു. രണ്ടാമത്തേത് സ്വർണക്കടത്ത് കേസ് പ്രതിയായ സന്ദീപ് നായർ കോടതിയിൽ നൽകിയിരിക്കുന്ന മൊഴിയുമായി ബന്ധപ്പെട്ടതാണ്. ഈ ശബ്ദരേഖയിലും മൊഴിയിലും പറഞ്ഞിരുന്നത്, മുഖ്യമന്ത്രി അടക്കം സംസ്ഥാനസർക്കാരിന്‍റെ തലപ്പത്തുള്ള പ്രധാനനേതാക്കൾക്കും മന്ത്രിമാർക്കുമെതിരെ മൊഴി നൽകാൻ ഇഡി നിർബന്ധിക്കുന്നു എന്നതായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കള്ളത്തെളിവുണ്ടാക്കാൻ ഇഡി ശ്രമിക്കുന്നു എന്ന ആരോപണത്തിന്‍റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് രണ്ട് എഫ്ഐആറുകൾ റജിസ്റ്റർ ചെയ്തത്. ഈ എഫ്ഐആറുകളാണ് ഹൈക്കോടതി റദ്ദാക്കിയത്.