തൃശൂര്‍ : രാഷ്‌ട്രപിതാവ് ഗാന്ധിജിയുടെ ജന്മദിനം അർപ്പണത്തോടെയും ആദരവോടെയും ലോകജനത ആചരിക്കുന്ന ദിനമായി മാറുകയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തളിക്കുളം സ്‌നേഹതീരം ബീച്ചിൽ സ്വച്ഛ്ഭാരത് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമി ദേവിയെ അമ്മയായി കണക്കാക്കി ജീവിക്കുന്നവരാണ് ലോകജനത. ആ അമ്മയുടെ ഉള്ളകം വൃത്തിയാക്കി സൂക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്. വൃത്തി ഓരോരുത്തരുടെയും ജീവിതത്തിൽ അനിവാര്യമായ ഒന്നാണ്. ഇതിന് തുടക്കം കുറിക്കാത്തവർക്ക് ഇന്ന് അതിനുള്ള അവസരമാണ്. എക്കാലവും ശുചിത്വപൂർണമായ ജീവിതം നയിക്കാൻ നമുക്ക് സാധിക്കണം.
വീടും പരിസരവും എന്നും വൃത്തിയാക്കി കാത്തുസൂക്ഷിക്കണം. 2014-ൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയ്ത സ്വച്ഛ് ഭാരത് മിഷൻ തുടക്കം കുറിച്ചത് പുതിയൊരു ഭാരതത്തിലേക്കുള്ള യാത്രയായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. സ്വച്ഛ്ഭാരത് അഭിയാനിലൂടെ ഇത് കൃത്യമായി നടപ്പിലാക്കാൻ സാധിക്കുന്നുവെന്നത് ലോകത്തിന്റെ ശ്രദ്ധയാകർഷിക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. കടലോരങ്ങൾ വൃത്തിയാക്കി സൂക്ഷിക്കണമെന്ന പാഠമാണ് മനുഷ്യർ മനസിലാക്കേണ്ടത്. മഴ പെയ്യുമ്പോൾ എല്ലാ മാലിന്യങ്ങളും ഒഴുകി കടലിലേക്കും പതിക്കുന്നു. ഇതെല്ലാം ഭാവിയിൽ നമ്മുടെ തലമുറയ്‌ക്ക് ദോഷമായി ബാധിക്കുന്നതാണെന്ന ബോധം നമുക്കുണ്ടാവണമെന്നും സുരേഷ് ഗോപി പറഞ്ഞു.