തിരുവനന്തപുരം: ക്ലിഫ് ഹൗസിലെ നീന്തല്‍കുളത്തിന് വീണ്ടും പണം അനുവദിച്ച് ടൂറിസം വകുപ്പ്. 3.84 ലക്ഷം രൂപയാണ് മൂന്നാം ഘട്ട പരിപാലത്തിനായി അനുവദിച്ചത്. ഊരാളുങ്കലിനാണ് നീന്തല്‍കുള നവീകരണ ചുമതല. ഇതുവരെ 38 ലക്ഷം രൂപയാണ് നീന്തല്‍ കുളം നവീകരണത്തിന് അനുവദിച്ചത്. നിത്യ ചെലവുകള്‍ക്ക് പോലും തുകയില്ലാതെ സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കെ മന്ത്രി മന്ദിരങ്ങള്‍ മോടി കൂട്ടുന്നതിനും ഔദ്യോഗിക വാഹനങ്ങള്‍ മാറ്റി വാങ്ങുന്നതിനും തുക ചെലവഴിക്കുന്നത് വലിയ വിവാദമാണ്. നേരത്തെ, ക്ലിഫ് ഹൗസില്‍ ചുറ്റുമതിലും കാലിത്തൊഴുത്തും നിര്‍മ്മിക്കാനായി 42.90 ലക്ഷം രൂപ അനുവദിച്ചതും ലിഫ്റ്റ് പണിയാന്‍ 25.50 ലക്ഷം രൂപ അനുവദിച്ചതും ഏറെ വിവാദമായിരുന്നു.
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2016 മെയ് മുതല്‍ 2022 നവംബര്‍ 14 വരെ ക്ലിഫ് ഹൗസിലെ നീന്തല്‍ കുളത്തിനായി ചെലവിട്ടത് 31,92, 360 രൂപയാണ്. കുളം നവീകരിച്ചെടുക്കാന്‍ ചെലവ് 18, 06, 789 രൂപയായി. മേല്‍ക്കൂര പുതുക്കാനും പ്ലാന്റ് റൂം നന്നാക്കാനും 7,92,433 രൂപയായി. കൂടാതെ വാര്‍ഷിക അറ്റകുറ്റ പണികള്‍ക്ക് രണ്ട് തവണയായി ആറ് ലക്ഷത്തോളം രൂപയും ചെലവിട്ടു എന്നാണ് കഴിഞ്ഞ വര്‍ഷം അവസാനം പുറത്ത് വന്ന രേഖകള്‍ തെളിയിക്കുന്നത്.