തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ നിഷ്‌ക്രിയത്വം കാണിച്ചുവെന്ന് പരാതി. മെഡിക്കല്‍ പി.ജി ഡോക്ടര്‍മാരുടെ സംഘടനയും, ഹൗസ് സര്‍ജന്‍ അസോസിയേഷനും ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് പരാതി ഉയര്‍ന്നത്. അതിനിടെ ഡോ. വന്ദനയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥന് കൈമാറി. ശ്വാസ കോശത്തിലേക്ക് തുളച്ചു കയറിയ കുത്തുകളാണ് മരണ കാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേസമയം പ്രതി സന്ദീപുമായി പോലീസ് തെളിവെടുപ്പ് നടത്തി. കുടവട്ടൂര്‍ ചെറുകരകോണത്തെ വീട്ടിലെത്തിച്ചാണ് തെളിവെടുത്തത്. സന്ദീപിന്റെ അയല്‍വാസിയും അധ്യാപകനുമായ ശ്രീകുമാറിന്റെ വീട്ടിലേക്കാണ് ആദ്യം തെളിവെടുപ്പിന് എത്തിച്ചത്. ഇവിടെ നിന്നാണ് സന്ദീപ് പോലീസിനെ വിളിച്ചു വരുത്തുകയും പിന്നീട് കൊട്ടാരക്കര ആശുപത്രിയിലേക്ക് ഇയാളെ കൊണ്ടുപോയതും. സംഭവസ്ഥലത്തുണ്ടായിരുന്നു അയല്‍വാസികളെയും ബന്ധുക്കളെയും ഇവിടെക്ക് വിളിച്ചു വരുത്തി വിവരങ്ങള്‍ ശേഖരിച്ചു.