തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളേജില്‍ യുയുസി സ്ഥാനത്തെ ആള്‍മാറാട്ടവുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കെഎസ്യു പരാതി നല്‍കി. മന്ത്രി വി. ശിവന്‍കുട്ടി, എംഎല്‍എ ജി. സ്റ്റീഫന്‍, കോളേജ് പ്രിന്‍സിപ്പള്‍ ജി.ഐ ഷൈജു, എസ്എഫ്‌ഐ നേതാവ് വിശാഖ് എന്നിവര്‍ ഗൂഢാലോചന നടത്തിയാണ് ആള്‍മാറാട്ടം നടത്തിയതെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. സംഭവത്തില്‍ അന്വേഷണം വേണമെന്നും കെഎസ്യു നേതാക്കള്‍ ആവശ്യപ്പെട്ടു.
അതേസമയം ആള്‍മാറാട്ടത്തില്‍ ഉള്‍പ്പെട്ട എ.വിശാഖിനെതിരെ സിപിഎം നടപടിയെടുത്തു. സിപിഎം പ്ലാവൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമായ വിശാഖിനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത വിശാഖിന്റെ പേര് മത്സരിച്ച് ജയിച്ച യുയുസി അനഘയുടെ പേര് മാറ്റി ഉള്‍പ്പെടുത്തിയതിലാണ് നടപടി. എസ്എഫ്ഐയുടെ തെരഞ്ഞെടുക്കപ്പെട്ട പദവികളില്‍ നിന്നും വിശാഖിനെ ഇന്നലെ ഒഴിവാക്കിയിരുന്നു.