തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് വസ്‌തുതാ വിരുദ്ധമായ കാര്യങ്ങള്‍ വിളിച്ചുപറയുകയാണെന്ന വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷം പ്രതിപക്ഷമായി നില്‍ക്കണം അല്ലാതെ പ്രതികാരപക്ഷമാകരുത്. തിരഞ്ഞെടുപ്പ് കമ്മിഷനെ തെറ്റിദ്ധരിപ്പിച്ച് ജനങ്ങളുടെ അന്നം മുടക്കാനാണ് പ്രതിപക്ഷനേതാവ് ശ്രമിച്ചത്. മേയ് മാസത്തിലെ സാമൂഹിക സുരക്ഷ പെന്‍ഷന്‍ മുന്‍കൂര്‍ ആയിട്ട് സര്‍ക്കാര്‍ നല്‍കുന്നുവെന്നാണ് അദ്ദേഹം പരാതി നല്‍കിയത്. വോട്ടര്‍മാരെ സ്വാധീനിക്കാനെന്നാണ് പ്രതിപക്ഷനേതാവിന്റെ വാദം. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്നു കൊണ്ട് ഉത്തരവാദിത്തപ്പെട്ട കേന്ദ്രത്തിലേക്ക് ആക്ഷേപമുന്നയിക്കുമ്പോള്‍ അത് വസ്‌തുതാപരമാകണ്ടേയെന്ന് മുഖ്യമന്ത്രി ചോദിച്ചു. മേയ് മാസത്തിലെ പെന്‍ഷന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂറായി നല്‍കുന്നില്ല. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ പെന്‍ഷനാണ് നല്‍കുന്നത്. മാര്‍ച്ചും മേയും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലായോ പ്രതിപക്ഷ നേതാവെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം.
വിഷു, ഈസ്‌റ്റര്‍ തുടങ്ങിയ വിശേഷ അവസരങ്ങളില്‍ മുമ്പും കേരളത്തില്‍ സാമൂഹിക ക്ഷേമ പെന്‍ഷനുകള്‍ നേരത്തെ നല്‍കിയിട്ടുണ്ട്. ഇതൊന്നും ഇതുവരെയും കാണാത്തയാളാണോ പ്രതിപക്ഷ നേതാവ്. ഇനി ശമ്പളവും മുടക്കണമെന്ന് പറയാന്‍ അദ്ദേഹം തയ്യാറാകുമോ? ഭക്ഷ്യക്കിറ്റിന്റെ കാര്യത്തിലായിരുന്നു അടുത്ത ആരോപണം. കൊവിഡ് കാലത്തെ പ്രതിസന്ധി നേരിടുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് അതിന് തുക കണ്ടെത്തിയത്.