തിരുവനന്തപുരം: ഖുര്‍ആന്റെ പേരില്‍ വിവാദമുണ്ടാക്കാനുള്ള ശ്രമം തിരിഞ്ഞു കുത്തിയതോടെ കോണ്‍ഗ്രസും ലീഗും ഉരുണ്ട് കളിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഖുര്‍ആനെ വിവാദത്തിലാക്കിയതിനു ആര്‍എസ്‌എസിനു അവരുടേതായ ലക്ഷ്യങ്ങളുണ്ട്. കോണ്‍ഗ്രസും ലീഗും ഇതു ഏറ്റുപിടിച്ചതെന്തിനെന്ന് വിശദീകരിക്കണം. സ്വര്‍ണക്കടത്ത് കേസില്‍ കോണ്‍സുലേറ്റിലുള്ളവരെ ചോദ്യം ചെയ്യാന്‍ കാലതാമസം ഉണ്ടാകുന്നുവെന്ന് പരാതിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഖുര്‍ആന്റെ മറവില്‍ സ്വര്‍ണക്കടത്തെന്ന പേരില്‍ വിവാദമുണ്ടാക്കാന്‍ ശ്രമിച്ചതു പ്രതിപക്ഷ നേതാവും ലീഗ് നേതൃത്വവുമാണ്. യുഎഇ കോണ്‍സുലേറ്റിലെത്തിയ ഖുര്‍ആന്‍ വിതരണം ചെയ്യാനാണ് മന്ത്രി ജലീല്‍ സഹായിച്ചത്. ഇതിനെ ഖുര്‍ആന്റെ മറവിലുള്ള സ്വര്‍ണക്കടത്തായി ആക്ഷേപിച്ചതു ആര്‍എസ്‌എസും ബിജെപിയുമാണ്. ആര്‍എസ്‌എസിനു അവരുടേതായ ലക്ഷ്യമുണ്ട്. എന്നാല്‍ കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ ഇതു ഏറ്റുപിടിച്ചത് എന്തിനാണെന്നും മുഖ്യമന്ത്രി ചോദിച്ചു.
സ്വര്‍ണക്കടത്തില്‍ നയതന്ത്ര പ്രതിനിധികളെ ചോദ്യം ചെയ്യുന്ന കാര്യം തീരുമാനിക്കേണ്ടത് അന്വേഷണ ഏജന്‍സിയാണ്. എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ലെന്ന എന്ന ചോദ്യം ഉയരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തീവ്രവാദ ബന്ധമുള്ളവരെ അറസ്റ്റ് ചെയ്യുന്നതു പതിവുള്ള കാര്യമാണെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് വ്യക്തമാക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.