Thursday, January 16, 2025 12:37 pm

രാജ്യത്തെ സ്വകാര്യ സർവകലാശാലകൾ യു.ജി.സി. വിശ്വാസ്യതയെ ചോദ്യം ചെയ്യും : മുഖ്യമന്ത്രി പിണറായി വിജയൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : യു.ജി.സി. ചട്ടങ്ങൾ പോലും പാലിക്കാതെ രാജ്യത്തുടനീളം പ്രവർത്തിക്കുന്ന സ്വകാര്യ സർവകലാശാലകൾ പൊതു സർവകലാശാലകളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുമെന്നും യു.ജി.സിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി സർവകലാശാലയിൽ തുടങ്ങിയ ദ്വിദിന രാജ്യാന്തര ഉന്നത വിദ്യാഭ്യാസ കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുക്കപ്പെട്ട നിയമസഭകൾ രൂപീകരിച്ച നിയമങ്ങൾക്കനുസൃതമായാണ് സംസ്ഥാന സർവകലാശാലകൾ പ്രവർത്തിക്കുന്നത്. എന്നാൽ യു.ജി.സിയുടെ നിയന്ത്രണങ്ങൾ ഈ സ്വയംഭരണത്തെ ദുർബലപ്പെടുത്തുന്നു. കേന്ദ്ര സർക്കാരും യുജിസിയും ഇത്തരം നടപടികളിൽ നിന്ന് വിട്ടുനിൽക്കുകയും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സർവകലാശാലകളുടെ സ്വയംഭരണത്തെയും സംസ്ഥാന സർക്കാരുകളുടെ അവകാശങ്ങളെയും മാനിക്കുകയും വേണം.അധ്യാപക നിയമനങ്ങൾക്കോ സമാനമായ കാര്യങ്ങൾക്കോ മിനിമം യോഗ്യതകൾ സ്ഥാപിക്കുന്നതിൽ ഞങ്ങൾക്ക് എതിർപ്പില്ല, അത്തരം നിയന്ത്രണങ്ങൾ ഞങ്ങൾ പൂർണ്ണമായും പാലിക്കുന്നു. എന്നിരുന്നാലും, യു. ജി. സി ഈ രീതിയിൽ അതിന്റെ അതിരുകൾ ലംഘിക്കുന്നത് അസ്വീകാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

സാമ്പത്തിക വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിലും, ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കായി നീക്കി വച്ചിരിക്കുന്ന ഫണ്ടുകളെ അത് ബാധിക്കാത്ത വിധമാണ് സർക്കാർ മുന്നോട്ടുപോകുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പുമായി അഫിലിയേറ്റ് ചെയ്ത പത്ത് സർവകലാശാലകൾക്ക് 1,830 കോടി രൂപ ലഭ്യമാക്കുകയും ചെയ്തു. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി ഏകദേശം 3,000 കോടി രൂപയും അനുവദിച്ചു. അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് കിഫ്ബി വഴിയുള്ള ഫണ്ടും നൽകി വരുന്നു. എന്നാലും, കേന്ദ്ര സർക്കാരും യുജിസിയും സംസ്ഥാന സർക്കാരിന് കീഴിലുള്ള ഈ സ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഒരു സമീപനം സ്വീകരിക്കുന്നത് ആശങ്കാജനകവും നിരാശാജനകവുമാണ്. സംസ്ഥാന സർവകലാശാലകളുടെ സ്വയംഭരണത്തിന് ഭീഷണിയാകുന്ന ഏറ്റവും പുതിയ യു. ജി. സി നിയന്ത്രണങ്ങളാണ് ഇതിന് ഒരു പ്രധാന ഉദാഹരണം.

ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസം എല്ലാവർക്കും പ്രാപ്യമാക്കുകയും വ്യത്യസ്ത പഠന വെല്ലുവിളികൾ നേരിടുന്ന പഠിതാക്കളെ ഉൾക്കൊള്ളുകയും ചെയ്യുകയാണ് സർക്കാർ ലക്ഷ്യം. സംസ്ഥാന രൂപീകരണത്തിന് ശേഷം കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളായി കേരളം വിവിധ മേഖലകളിൽ മികവാർന്ന പ്രവർത്തനം കാഴ്ചവച്ചിട്ടുണ്ട്. അതിൽ എടുത്തു പറയേണ്ട ഒരു മേഖലയാണ് പൊതു വിദ്യാഭ്യാസം. നമ്മുടെ നാടിന്റെ വികസനത്തിന് വിദ്യാഭ്യാസം നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ് – അദ്ദേഹം പറഞ്ഞു. ആഗോളവൽക്കരണത്തിന്റെ പുത്തൻ യുഗത്തിൽ ഉന്നത വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യമാണുള്ളത്.ഈ പ്രാധാന്യം മനസ്സിലാക്കിയാണ് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഭാവി രൂപപ്പെടുത്തുന്നതിനായി ഇത്തരത്തിൽ ഒരു കോൺക്ലേവ് സംഘടിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ സമഗ്ര പരിഷ്കാരം ലക്ഷ്യമിട്ടു മൂന്ന് കമ്മീഷനുകൾക്ക് സർക്കാർ രൂപം നൽകി. അവരിൽ നിന്നുള്ള വിദഗ്ധ നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു. ആ നിർദ്ദേശങ്ങൾ ഓരോന്നായി കഴിഞ്ഞ വർഷങ്ങളിൽ നടപ്പിലാക്കി വരികയാണ്. നാലുവർഷ ബിരുദ പ്രോഗ്രാം ഉൾപ്പെടെയുള്ള പദ്ധതികൾ അതിന്റെ ഭാഗമായി യാഥാർത്ഥ്യമാക്കിയവയാണ്.ഈ പരിഷ്കാരങ്ങളുടെയൊക്കെ ഭാഗമായി സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം ഏറെ മെച്ചപ്പെടുകയും ചെയ്തു. ദേശീയവും അന്തർദേശീയവുമായ ഗുണനിലവാര പരിശോധനകളിൽ നമ്മുടെ സർവകലാശാലകളും കോളേജുകളും എല്ലാം മികച്ച റാങ്കുകൾ കരസ്ഥമാക്കി മുന്നേറുകയാണ്- മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പരിഷ്കരണത്തിന്റെ രണ്ടാംഘട്ടം കേരളത്തെ ഒരു ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുക എന്നതാണ്. സ്വദേശ വിദ്യാർഥികൾക്കൊപ്പം വിദേശ വിദ്യാർത്ഥികളെയും മികച്ച സൗകര്യങ്ങളും കോഴ്സുകളും നൽകി ഇവിടേക്ക് ആകർഷിക്കുകയെന്നതാണ് ഈ ഘട്ടത്തിലൂടെ ലക്ഷ്യമിടുന്നത്. അതിലേക്ക് ആവശ്യമായ നിർദ്ദേശങ്ങളും ഉപദേശങ്ങളും അറിവുകളും സമാഹരിക്കുക എന്നുള്ളതാണ് കോൺക്ലേവിന്റെ പ്രധാന ഉദ്ദേശ്യം. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഭാവിക്ക് ഒരു ദിശാസൂചകമായി ഈ ഉദ്യമം മാറുമെന്ന് ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽനിന്ന് വിദേശത്ത് പോയി അക്കാദമിക രംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദഗ്ധരെയും പുറത്തുനിന്നുള്ള മറ്റ് അക്കാദമിക് വിദഗ്ധരെയും പങ്കെടുപ്പിക്കുന്നത് വഴി ആശയ സമാഹരണത്തിലൂടെ നയങ്ങൾ മെച്ചപ്പെടുത്തുകയാണ്. കേരളത്തിൽ പഠിച്ചവരും ഇപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്നവരുമായവരുടെ വൈദഗ്ധ്യവും ഉൾക്കാഴ്ചയും സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ പരിഷ്കാരങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് വലിയ പിന്തുണയാകും. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് അവരുടെ അറിവും കാഴ്ചപ്പാടുകളും നിർണായകമാണ്- അദ്ദേഹം പറഞ്ഞു.

ആഗോളതലത്തിലെ മികച്ച പഠന സമ്പ്രദായങ്ങളും അനുഭവങ്ങളും കേരളത്തിന്റെ അക്കാദമിക ചട്ടക്കൂടുമായി സംയോജിപ്പിക്കുന്നതനും കോൺക്ലേവ് ഊന്നൽ നൽകുന്നു. ഈ കോൺക്ലേവിലെ ചർച്ചകളിൽ നിന്നും സംവാദങ്ങളിൽ നിന്നും ഉരുത്തിരിയുന്ന ആശയ നിർദ്ദേശങ്ങൾ സമയബന്ധിതമായി പ്രയോഗത്തിൽ കൊണ്ടുവരും.വ്യവസായ, തൊഴിൽ ആവശ്യങ്ങൾക്ക് അനുസൃതമായി സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ പുനസംഘടിപ്പിക്കേണ്ടത് നിർണായകമാണെന്നും സർക്കാർ കാണുന്നു. ഈ ശ്രമത്തിന്റെ ഭാഗമായി, കാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ, സ്കിൽ പാർക്കുകൾ തുടങ്ങിയ സംരംഭങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനകം ആരംഭിച്ചതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഉന്നത വിദ്യാഭ്യാസം, ഗവേഷണം, വിജ്ഞാനോല്പാദനം തുടങ്ങിയ ഘടകങ്ങൾക്കായി അന്താരാഷ്ട്ര വിദ്യാർത്ഥികളുടെയും ഫാക്കൽറ്റികളുടെയും ഒരു സംഘത്തെ കെട്ടിപ്പടുക്കുക എന്നതും കോൺക്ലേവ് വഴി ലക്ഷ്യമിടുന്നു. ‘സ്റ്റഡി ഇൻ കേരള’ എന്ന വിഷയത്തിൽ ഒരു പ്രീ-കോൺക്ലേവ് സെഷൻ ഇതിനകം നടത്തിയിട്ടുണ്ട്, അടുത്ത ഘട്ടം ലോകമെമ്പാടുമുള്ള വിദ്യാർത്ഥികളെ കേരളത്തിൽ പഠിക്കാൻ ആകർഷിക്കുന്നതിനുള്ള സമഗ്രമായ പദ്ധതി വികസിപ്പിക്കുക എന്നതാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ദേശീയ അന്തർദേശീയ വിദ്യാർത്ഥികളെ ആകർഷിക്കുന്നതിലൂടെ കേരളത്തിലെ കാമ്പസുകളിൽ കൂടുതൽ വൈവിധ്യം പ്രോത്സാഹിപ്പിക്കും. പ്രകൃതി സൗന്ദര്യം, ആരോഗ്യ സുരക്ഷ, സാമൂഹിക വികസനം എന്നിവയുടെ അപൂർവ ചേരുവ കേരളത്തിൽ ഉരുത്തിരിയും. ജാതിമത വേർതിരിവുകളോ മറ്റു അതിർവരമ്പുകളോ ഇവിടെ നിലനിൽക്കുന്നില്ല. ഇത്രയും അനുകൂല ഘടകങ്ങളുള്ള നമ്മുടെ നാടിനെ ഒരു ഉന്നത വിദ്യാഭ്യാസ കേന്ദ്രമായി രൂപപ്പെടുത്താൻ ഈ കോൺക്ലേവ് വഴിവയ്ക്കുമെന്നുറപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ധനകാര്യമന്ത്രി കെ.എൻ ബാലഗോപാൽ മുഖ്യാതിഥിയായി. കേരള സംസ്ഥാന പ്ലാനിംഗ് ബോർഡ് ഉപാധ്യക്ഷൻ പ്രൊഫ. വി കെ രാമചന്ദ്രൻ , ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഇഷിതാ റോയ് എന്നിവർ പ്രത്യേക പ്രഭാഷണം നടത്തി.ബോസ്റ്റൺ കോളേജ് പ്രൊഫസർ ഫിലിപ്പ് ജി. അൽബാഷ്, തിരുവനന്തപുരം ശ്രീ ചിത്തിരതിരുന്നാൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി ഡയറക്ടർ ഡോ. സഞ്ജയ് ബഹറി , ലോക ബാങ്ക് ടെറിട്ടറി എജുക്കേഷൻ ഗ്ലോബൽ ലീഡ് ഡോ.നീന അർനോൾഡ്, എന്നിവർ മുഖ്യപ്രഭാഷണം നടത്തി. നോബേൽ ജേതാവ് പ്രൊഫ. ആദ യോനാഥ് , കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. രാജൻ ഗുരുക്കൾ , മെമ്പർ സെക്രട്ടറി ഡോ. രാജൻ വറുഗീസ് , കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ. എം ജുനൈദ് ബുഷിറി, കുസാറ്റ് മുൻ വൈസ് ചാൻസിലർ പ്രൊഫ പി. ജി ശങ്കരൻ, വിവിധ സർവകലാശാലകളിലെ വൈസ് ചാൻസലർമാർ, സിൻഡിക്കേറ്റ് അംഗങ്ങൾ, പ്രിൻസിപ്പൽമാർ എന്നിവർ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീട്ടിലെ ഊഞ്ഞാലില്‍ കുരുങ്ങി പത്തുവയസുകാരന്‍ മരിച്ചനിലയില്‍

0
ആലപ്പുഴ: അരൂരില്‍ വീട്ടിലെ ഊഞ്ഞാലില്‍ കുരുങ്ങി പത്തുവയസുകാരന്‍ മരിച്ചനിലയില്‍. കേളാത്തുകുന്നേല്‍ അഭിലാഷിന്റെ...

ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

0
പാലക്കാട് : പട്ടാമ്പി വാടാനാംകുറുശ്ശിയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം....

റഹീം മോചനം ; കേസ് ഫെബ്രുവരി 2 ന് പരിഗണിക്കും

0
റിയാദ് : സൗദി അറേബ്യയിലെ റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി...

സോഫ്‌റ്റ്‌വെയർ അപ്‌ഡേഷനു ശേഷം ഡിസ്‌പ്ലേ തകരാര്‍ ; നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

0
എറണാകുളം : സോഫ്റ്റ്വെയര്‍ അപ്‌ഡേഷന് ശേഷം മൊബൈല്‍ ഫോണ്‍ ഡിസ്‌പ്ലേയില്‍ ലൈന്‍...