തിരുവനന്തപുരം : ഉയർന്ന വിലക്ക് പി പി ഇ കിറ്റ് വാങ്ങിയ നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അടിയന്തര സാഹചര്യമായതിനാൽ തന്നെ രക്ഷാ ഉപകരണങ്ങൾ അടിയന്തരമായി വാങ്ങേണ്ടി വന്നുവെന്നും, കാലതാമസം വരുത്തി ആളുകളെ മരണത്തിലേക്ക് തള്ളിവിടാൻ സാധിക്കുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമസഭയിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. പി പി ഇ കിറ്റ് ലഭ്യമല്ലാത്ത അവസ്ഥ ഉണ്ടായെന്നും, ജനങ്ങൾ പരിഭ്രാന്തർ ആയിരുന്നുവെന്നും പറഞ്ഞ മുഖ്യമന്ത്രി, പർച്ചേസ് മാനദണ്ഡം പാലിച്ച് കോവിഡ് സമയത്ത് നടപടി എടുത്താൽ മതിയെന്നാണോ നിങ്ങൾ പറയുന്നതെന്നും ചോദിച്ചു. അടിയന്തരമായി സാധനങ്ങൾ വാങ്ങാൻ അന്ന് തീരുമാനം എടുത്തതിൽ ഒരു അസ്വാഭാവികതയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കണക്കുകൾ കൂട്ടിവെച്ച് വിലയിരുത്തിയാൽ ശരിയാകില്ലെന്നും, സി എ ജി അവ്യക്തത സൃഷ്ടിക്കുകയാണ് ചെയ്തതെന്നും പറഞ്ഞ പിണറായി, സി എ ജി റിപ്പോർട്ട് അന്തിമമല്ലെന്നും പ്രതികരിച്ചു.
പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. കുറഞ്ഞ വിലയ്ക്ക് കിറ്റ് നൽകിയ കമ്പനിക്ക് അതേ വിലയ്ക്ക് ബാക്കി നൽകാൻ സാധിക്കാത്തത് കൊണ്ടാണ് അവരുമായുള്ള പർച്ചേസ് ഒഴിവാക്കിയതെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഈ വിഷയത്തിൽ സർക്കാരിന് മറച്ചുവയ്ക്കാനായി ഒന്നുമില്ലെന്നും, പ്രതിപക്ഷ നേതാവ് പറഞ്ഞ കാര്യം പരിശോധിക്കുമെന്നും അറിയിച്ചു.